കോഴിക്കോട്: ജില്ലയില്‍ മലയോര പ്രദേശത്ത് കനത്ത മഴ. രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി.
വനാതിര്‍ത്തിയില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ടോ എന്ന് സംശയുണ്ട്. കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. അടിവാരം ടൗണില്‍ വെള്ളം കയറി.
നഗരത്തിലെ കടകളില്‍ പലതിലും വെള്ളം കയറി. കോഴിക്കോട് നഗരത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്.
അതേസമയം സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളില്‍ ഇന്ന് തീവ്രമഴമുന്നറിയിപ്പ് പുറപ്പെടുവിച്ചട്ടുണ്ട്. എട്ട് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ കോമറിന്‍ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുകയാണ്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക് – പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.