എ.ഡി.ജി.പി അജിത്ത് കുമാറിനെ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യവുമായി സി.പി.ഐ മുഖപത്രം
Kerala News
എ.ഡി.ജി.പി അജിത്ത് കുമാറിനെ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യവുമായി സി.പി.ഐ മുഖപത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th September 2024, 7:28 pm

കോഴിക്കോട്: എ.ഡി.ജി.പി അജിത്ത് കുമാറിനെ പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി സി.പി.ഐ മുഖപത്രം. ജനയുഗം പത്രത്തില്‍ സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗമായ കെ. പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് ആര്‍.ആസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ജനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന പൊലീസുകാര്‍ ജനഹിതത്തിനെതിരായി പ്രവര്‍ത്തിച്ചാല്‍ അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം അത് സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കുമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൊലീസുകാര്‍ വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്താറുണ്ട്. എന്നാല്‍ കേരളത്തില്‍ അത്തരം ചര്‍ച്ചകള്‍ നടത്തേണ്ട യാതൊരുവിധ സാഹചര്യവുമില്ലായിരുന്നെന്നും എന്നിട്ടും അജിത്ത് കുമാര്‍ രഹസ്യമായി കൂടിക്കാഴ്ച്ച നടത്തിയത് എന്തിനാണെന്ന് പറയാനുള്ള ബാധ്യതയുണ്ടെന്നും പ്രകാശ് ബാബു ലേഖനത്തില്‍ എഴുതി.

അതിനാല്‍തന്നെ ഇത്തരം സാഹചര്യത്തില്‍ ജനഹിതം മാനിച്ച് ഉദ്യോഗസ്ഥനെ ആ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണമെന്നും അല്ലാത്തപക്ഷം അത് ഭരണസംവിധാനത്തിന് തന്നെ കളങ്കമാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

‘1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തൊഴില്‍ സമരങ്ങളില്‍ പൊലീസ് ഇടപെടാന്‍ പാടില്ല എന്ന് പ്രഖ്യാപിച്ചത് ഭരണസംവിധാനത്തിന്റെ രാഷ്ട്രീയ നയപ്രഖ്യാപനമായിരുന്നു. ജനഹിതമാണ് സര്‍ക്കാരിന്റെ ചാലകശക്തിയെന്ന് തിരിച്ചറിയാത്ത ഉദ്യോഗസ്ഥരെ താരതമ്യേന ജനങ്ങളുമായി ബന്ധം കുറവുള്ള ചുമതലകളിലേക്ക് മാറ്റുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അത് സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് നയിക്കും. അത്തരമൊരു അവസ്ഥയാണ് എ.ഡി.ജി.പി അജിത്ത് കുമാറിന്റെ ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച കാരണം കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൊലീസുകാര്‍ വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്താറുണ്ട്. എന്നാല്‍ ഇവിടെ അങ്ങനെയൊരു സാഹചര്യമില്ല. പൊലീസ് മേധാവിയേയും ആഭ്യന്തര വകുപ്പിനെയും അറിയിക്കാതെ ഹൈന്ദവ തീവ്രവാദ സംഘടനയായ ആര്‍.എസ്.എസുമായി നടത്തിയ ചര്‍ച്ചയുടെ കാരണം അറിയാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ട്.

എന്നാല്‍ ഈ സന്ദര്‍ശനത്തെ തൃശൂര്‍ പൂരവുമായി ബന്ധപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. ഈ സന്ദര്‍ഭത്തില്‍ അന്വേഷണ റിപ്പോട്ടല്ല ആവശ്യം. മറിച്ച് രാഷട്രീയ ബോധ്യമാണ് വേണ്ടത്. അല്ലാത്തപക്ഷം ഇടതുപക്ഷത്തിന്റെ സമീപനങ്ങള്‍ ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതാണ്,’ ലേഖനത്തില്‍ പ്രകാശ് ബാബു എഴുതി.

Content Highlight: C.P.I mouthpiece demands removal of A.D.G.P Ajith Kumar