കൊച്ചി: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കരുതെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്. വിഷയത്തില്‍ അന്തിമ തീരുമാനം വരുന്നത് വരെ എറണാകുളം മെഡിക്കല്‍ കോളേജില്‍ മൃതദേഹം സൂക്ഷിക്കാനും കോടതി പറഞ്ഞിട്ടുണ്ട്.
ജസ്റ്റിസ് വി.ജെ അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള എന്തെങ്കിലും രേഖകള്‍ ഉണ്ടോ എന്ന് കോടതി ഹരജിക്കാരിയോട് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. എന്നാല്‍ മക്കള്‍ ഒപ്പിട്ട സത്യവാങ്മൂലത്തില്‍ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന് അറിയിച്ചിരുന്നു.
ഇത് പരിഗണിച്ച് വിഷയത്തില്‍ മക്കളുടെ സമ്മതപത്രം പരിശോധിച്ചതിനുശേഷം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. അനാട്ടമി ആക്ട് പ്രകാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് അന്തിമ തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
അതേസമയം മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മൃതദേഹം ആവശ്യപ്പെട്ട് മകളും ചെറുമകനും ടൗണ്‍ഹാളില്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷം ഉണ്ടാവുകയായിരുന്നു.
തന്റെ പിതാവ് ഒരിക്കലും നിരീശ്വരവാദിയായിരുന്നില്ലെന്നും മതവിശ്വാസങ്ങള്‍ക്ക് എതിരായ നിലപാട് അദ്ദേഹം എടുത്തിരുന്നില്ലെന്നും ആശ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ പറഞ്ഞിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാന്‍ പിതാവ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സി.പി.ഐ.എം ഞങ്ങളുടെ അച്ഛനെയും ഞങ്ങളെയും വഞ്ചിക്കുകയാണ്. മൂത്ത മകന്‍ പാര്‍ട്ടിയുടെ അടിമയാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന് ക്രിസ്ത്യന്‍ വിശ്വാസപ്രകാരം അന്ത്യ യാത്ര നടത്തുന്നത് സി.പി.ഐ.എമ്മിന് സഹിക്കാനാവില്ലെന്നും അതാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചതെന്നും അവര്‍ കുറിപ്പില്‍ ആരോപിച്ചു.
അതേസമയം ഹരജിക്ക് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചന സംശയിക്കുന്നതായി മകന്‍ സജീവന്‍ പറഞ്ഞിരുന്നു. അച്ഛന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കുന്നതെന്നും സഹോദരി ആശയെ ചിലര്‍ കരുവാക്കുകയാണെന്നും സജീവന്‍ കൂട്ടിച്ചേര്‍ത്തു. ആശ ലോറന്‍സ് സമീപകാലത്ത് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
ലോറന്‍സിന്റെ ഭൗതിക ശരീരം സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലേയും ടൗണ്‍ ഹാളിലേയും പൊതുദര്‍ശനത്തിന് ശേഷം എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.
Content Highlight: Burial of M.M. Lawrence; Medical College Principal can decide; The High Court disposed the petition of the daughter