'ബുറെവി ചുഴലിക്കാറ്റ്'; തമിഴ്‌നാടില്‍ മൂന്ന് മരണം, കേരളത്തില്‍ ജാഗ്രത തുടരുന്നു
Burevi Cyclone
'ബുറെവി ചുഴലിക്കാറ്റ്'; തമിഴ്‌നാടില്‍ മൂന്ന് മരണം, കേരളത്തില്‍ ജാഗ്രത തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th December 2020, 7:50 am

ചെന്നൈ: തമിഴ്‌നാട്ടില്‍ ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ചെന്നൈ കടലൂരില്‍ വീട് തകര്‍ന്ന് ഒരു അമ്മയും മകളും ചെന്നൈയില്‍ വൈദ്യുതാഘാതമേറ്റ് ഒരു യുവാവുമാണ് മരിച്ചത്. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. തമിഴ്‌നാട് രാമനാഥ പുരത്ത് നിന്നും 40 കിലോമീറ്ററും പാമ്പനില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ മാന്നാര്‍ കടലിടുക്കിലാണ് ബുറേവി ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്.

അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കണക്കാക്കുന്നത്. ചെന്നൈയിലെയും പുതുച്ചേരിയിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരിക്കുകയാണ്. പലസ്ഥലങ്ങളിലും വ്യാപക കൃഷി നാശമുണ്ടായിട്ടുണ്ട്.

അതേസമയം മഴക്കുള്ള സാധ്യത കണക്കിലെടത്ത് കേരളത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ഭീഷണി അകന്നെങ്കിലും കേരളത്തില്‍ മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരും.

ശനിയാഴ്ച വൈകുന്നേരംവരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: ‘Burevi Cyclone’; Three deaths in Tamil Nadu, vigilance continues in Kerala