ബെംഗളൂരുവില്‍ കെട്ടിടം തകര്‍ന്ന സംഭവം: അനധികൃതമായി നിര്‍മാണത്തിന് ഉടമക്കെതിരെ കേസെടുക്കുമെന്ന് സര്‍ക്കാര്‍
national news
ബെംഗളൂരുവില്‍ കെട്ടിടം തകര്‍ന്ന സംഭവം: അനധികൃതമായി നിര്‍മാണത്തിന് ഉടമക്കെതിരെ കേസെടുക്കുമെന്ന് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd October 2024, 4:24 pm

ബെംഗളൂരു: ഹെന്നൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന സംഭവത്തില്‍ നടപടിയെടുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. അനധികൃതമായി നിര്‍മിച്ച കെട്ടിടമാണെന്നും ഉടമയ്‌ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പറഞ്ഞു.

കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടന്നതെന്നും ഡി.കെ. ശിവകുമാര്‍ അറിയിച്ചു.

‘അനുമതി നല്‍കിയിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഉടമയ്ക്കും കരാറുകാരനുമെതിരെ കര്‍ശന നടപടിയെടുക്കും,’ ഡി.കെ. ശിവരകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ബെംഗളൂരുവിലുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് നിര്‍മാണത്തിലിരിക്കുന്ന ഏഴുനില കെട്ടിടം തകര്‍ന്നുവീഴുന്നത്. 21 ഓളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയും അഞ്ച് തൊഴിലാളികള്‍ മരണപ്പെടുകയും ചെയ്തു.

പിന്നാലെ പ്രസ്തുത സ്ഥലത്ത് ഇത്രയും വലിയ കെട്ടിടം പണിയുന്നത് നിയമവിരുദ്ധമാണെന്നും കെട്ടിടം അനധികൃതമാണെന്ന് കാണിച്ച് മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നും അധികൃതര്‍ അറിയിക്കുകയായിരുന്നു.

അതിനിടെ ഒരു കെട്ടിട നിര്‍മാണ തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ബിഹാര്‍ സ്വദേശിയായ അയാസ് ആണ് രക്ഷപ്പെട്ടത്. രാത്രി മുഴുവന്‍ തകര്‍ന്ന കെട്ടിടത്തിനടിയിലില്‍ കുടുങ്ങിയ അയാസിനെ തൂണുകള്‍ വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു.

കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ ടൈല്‍ തൊഴിലാളികളും കോണ്‍ക്രീറ്റ് തൊഴിലാളികളും പ്ലംബര്‍മാരും കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതായി പ്രാഥമിക വിവരം ലഭിക്കുകയും രക്ഷാപ്രവര്‍ത്തനം തുടരുകയുമായിരുന്നു.

കെട്ടിടത്തിന് ഏഴുനിലകള്‍ക്കൊന്നും അനുമതി ലഭിച്ചിരുന്നില്ലെന്നും നാല് നിലകള്‍ക്ക് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂവെന്നും അധികൃതര്‍ പറയുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതര്‍ വിശദവിവരങ്ങള്‍ വ്യക്തമാക്കുന്നത്.

കെട്ടിടത്തിന്റെ ബേസ്മെന്റ് ദുര്‍ബലമായതാണ് ഏഴുനില കെട്ടിടം തകരാന്‍ കാരണമായതെന്നും
നിര്‍മാണ നിയമങ്ങളുടെ ലംഘനമാണ് കെട്ടിടം തകര്‍ന്നുവീഴാന്‍ കാരണമായതെന്നും നാട്ടുകാരും നേരത്തെ പറഞ്ഞിരുന്നു.

Content Highlight: Building collapse incident in Bengaluru: Govt to file case against owner for illegal construction