ലഖ്‌നൊ: ഉത്തര്‍പ്രദേശില്‍ ബി.എസ്.പി സംസ്ഥാന അദ്ധ്യക്ഷനായ മങ്കാദ് അലിയെ സ്ഥാനത്ത് നിന്നു മാറ്റി മായാവതി. പകരം ഭീം രാജ്ഭറിനെ പുതിയ സംസ്ഥാന അദ്ധ്യക്ഷനാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.
ഏഴ് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ ബി.എസ്.പിക്ക് കഴിഞ്ഞിരുന്നില്ല. ഇതാണ് മങ്കാദ് അലിയെ സ്ഥാനത്ത് നിന്നും മാറ്റുന്നതിനുള്ള കാരണമെന്നാണ് സൂചന. 2019 ഓഗസ്റ്റിലാണ് മങ്കാദ് അലിയെ ബി.എസ്.പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്.
പുതുതായി സ്ഥാനത്തെത്തുന്ന ഭീം രാജ്ഭര്‍ മൗ ജില്ലയില്‍ നിന്നുള്ള അതിപിന്നോക്ക വിഭാഗത്തിലെ നേതാവാണ്. ഈ വോട്ടുകളെ കൂടി ബി.എസ്.പിയിലേക്ക് അടുപ്പിക്കുക എന്ന ആലോചനയുടെയും ഭാഗമായാണ് പുതിയ തീരുമാനമെന്നും വിലയിരുത്തലുണ്ട്.
ഉപതെരഞ്ഞെടുപ്പില്‍ ആറു സീറ്റുകളില്‍ ബി.ജെ.പിയും ഒരു സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടിയുമായിരുന്നു വിജയിച്ചത്. ഇതിനിടെ ഉപതെരഞ്ഞെടുപ്പില് ദിയോറിയ മണ്ഡലത്തില്‍ നിന്നും മത്സരിച്ച അഭയ് നാഥ് ത്രിപാദി ബി.എസ്.പി വിട്ടിരുന്നു. തന്നെ മാനസികമായും സാമ്പത്തികമായും ബി.എസ്.പി കോര്‍ഡിനേറ്റര്‍മാര്‍ തകര്‍ത്തെന്ന് ഇദ്ദേഹം രാജിവെക്കവെ ആരോപിച്ചിരുന്നു.