കൊച്ചി: കെ.കെ ശൈലജയെ മന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമെന്ന ക്യാംപെയ്‌നുമായി നടിമാരായ പാര്‍വതിയും റിമ കല്ലിങ്കലും. മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയുള്ളയാളാണ് ശൈലജ ടീച്ചറെന്നും സംസ്ഥാനത്തെ ജനങ്ങള്‍ അവരുടെ കഴിവുള്ള നേതൃത്വത്തിന് അര്‍ഹരാണെന്നുമായിരുന്നു പാര്‍വതിയുടെ പ്രതികരണം.
പെണ്ണിനെന്താ കുഴപ്പം എന്ന ശൈലജ ടീച്ചറുടെ പ്രസിദ്ധമായ വാചകങ്ങള്‍ ഉദ്ധരിച്ച് കൊണ്ടായിരുന്നു റിമയുടെ പ്രതികരണം. കെ.കെ ശൈലജയുടെയും കെ.ആര്‍ ഗൗരിയമ്മയുടെയും ഒരുമിച്ചുള്ള ചിത്രവും റിമ പങ്കുവെച്ചു.
“റെക്കോര്‍ഡ് ഭൂരിപക്ഷത്തിലുള്ള വിജയവും അഞ്ച് വര്‍ഷത്തെ ലോകോത്തര സേവനവും നിങ്ങള്‍ക്ക് സി.പി.ഐ.എമ്മില്‍ ഇടം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, എന്ത് ചെയ്യാനാകും? ഈ ജനവിധി നിങ്ങള്‍ക്കുള്ളതായിരുന്നു, ഈ പാര്‍ട്ടിയുടെ മനുഷ്യമുഖമായതിനാല്‍, ഇത് നിങ്ങളുടെ കഠിനാധ്വാനമാണ്’. എന്നായിരുന്നു റിമയുടെ പ്രതികരണം.
ഗായകന്‍ വിധുപ്രതാപും ഈ ക്യാംപെയിന്റെ ഭാഗമായി രംഗത്ത് എത്തി. പ്രതീക്ഷ… സുരക്ഷിതത്വം… ഉറപ്പ്! ടീച്ചര്‍ നമുക്ക് എല്ലാവര്‍ക്കും അതാണ്! അത് കൊണ്ടുതന്നെയാണ് അതില്ലാതാകുമ്പോള്‍ വേദനിക്കുന്നത് എന്നായിരുന്നു വിധുവിന്റെ പ്രതികരണം.
നേരത്തെ ഗായിക സിത്താര കൃഷ്ണകുമാറും നടി രേവതി സമ്പത്തും സമാനമായ വിമര്‍ശനവുമായി എത്തിയിരുന്നു. അതേസമയം മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നുവെന്നായിരുന്നു കെ.കെ ശൈലജയുടെ പ്രതികരണം. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ഏതായാലും അംഗീകരിക്കുമെന്നും ശൈലജ പറഞ്ഞു.
പുതിയ മന്ത്രിസഭയിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. എം.വി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി. രാജീവ്, വി. ശിവന്‍കുട്ടി, വീണ ജോര്‍ജ്, ആര്‍. ബിന്ദു, സജി ചെറിയാന്‍, വി. അബ്ദുറഹ്മാന്‍, മുഹമ്മദ് റിയാസ് എന്നിവരാണ് മന്ത്രിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടില്ല.