പിടിച്ചതിലും വലുതാണ് മാളത്തിലുള്ളതെന്ന് ഇന്ത്യ തിരിച്ചറിഞ്ഞ നിമിഷം
Asia Cup
പിടിച്ചതിലും വലുതാണ് മാളത്തിലുള്ളതെന്ന് ഇന്ത്യ തിരിച്ചറിഞ്ഞ നിമിഷം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 13th September 2023, 11:13 am

ഇന്ത്യയുടെ ബാറ്റിങ് നിരയെ ഒന്നടങ്കം പരീക്ഷിച്ച മത്സരമായിരുന്നു കഴിഞ്ഞ ദിവസം കൊളംബോയിലെ ആര്‍. പ്രമേദാസ സ്റ്റേഡിയം കണ്ടത്. തൊട്ടുമുമ്പത്തെ ദിവസം സെഞ്ച്വറി നേടിയ അതേ പിച്ചില്‍ താളം കണ്ടെത്താനാകാതെ ഉഴറുന്ന വിരാട് കോഹ്‌ലിയെ കാണേണ്ടി വന്നതും ലങ്കയുടെ ബൗളിങ് നിരയുടെ മിടുക്കുകൊണ്ടാണ്.

ഇരുഭാഗത്തെയും സ്പിന്നര്‍മാര്‍ കളം നിറഞ്ഞാടിയ മത്സരമായിരുന്നു അത്. എന്നാല്‍ ഏറെ നേട്ടമുണ്ടാക്കിയത് ലങ്കയുടെ സ്പിന്നര്‍മാര്‍ തന്നെയായിരുന്നു.

തന്റെ 20ാം വയസില്‍ മോഡേണ്‍ ഡേ ലെജന്‍ഡായ വിരാട് കോഹ്‌ലിയെ തന്റെ ഭാഗ്യ ഗ്രൗണ്ടില്‍ വെച്ച് വെള്ളം കുടിപ്പിച്ച ദുനിത് വെല്ലാലാഗയില്‍ തുടങ്ങുന്നതായിരുന്നു ലങ്കയുടെ ആവനാഴിയിലെ അസ്ത്രങ്ങള്‍.

പാകിസ്ഥാനെതിരെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശുഭ്മന്‍ ഗില്ലിനെ ക്ലീന്‍ ബൗള്‍ഡാക്കിയായിരുന്നു വെല്ലാലാഗെ തുടങ്ങിയത്. പിന്നാലെ 12 പന്തില്‍ വെറും മൂന്ന് റണ്‍സുമായി വിരാടിനെ ഡ്രസ്സിങ് റൂമിലേക്ക് മടക്കിയയച്ചു. ദാസുന്‍ ഷണകക്ക് ക്യാച്ച് നല്‍കിയായിരുന്നു വിരാട് പുറത്തായത്.

16ാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പുറത്താക്കി വെല്ലാലാഗെയുടെ വക അടുത്ത ബ്രേക്ക് ത്രൂ. രോഹിത്തും യുവതാരത്തിന്റെ മാന്ത്രിക വിരലിന് മുമ്പില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി.

റണ്‍സുയര്‍ത്തിയ കെ.എല്‍. രാഹുലിനെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കിയ വെല്ലാലാഗെ വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെ പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.

36ാം ഓവറില്‍ തന്റെ പത്ത് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കി വെല്ലാലാഗെ സ്‌പെല്‍ അവസാനിപ്പിച്ചപ്പോള്‍ ഇനിയാണ് കളി എന്നായിരുന്നു ഇന്ത്യന്‍ ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ വെല്ലാലാഗെയക്കാള്‍ വലിയൊരു കൊടുങ്കാറ്റ് അണിയറിയില്‍ ഒരുങ്ങുന്നുവെന്ന് 35ാം ഓവറില്‍ ഇഷാന്‍ കിഷന്‍ മടങ്ങിയപ്പോള്‍ അവര്‍ ചിന്തിച്ചുകാണില്ല.

വെല്ലാലാഗക്ക് പിന്നാലെ ചരിത് അസലങ്കയെ കളത്തിലിറക്കിയായിരുന്നു ക്യാപ്റ്റന്‍ ദാസുന്‍ ഷണക ഇന്ത്യയെ നേരിട്ടത്. 61 പന്തില്‍ 33 റണ്‍സടിച്ച ഇഷാന്‍ കിഷനെ വെല്ലാലാഗെയുടെ കൈകളിലെത്തിച്ചാണ് അസലങ്ക തുടങ്ങിയത്.

മിഡില്‍ ഓവറിലെ വിശ്വസ്തനും ഓള്‍ റൗണ്ടറുമായ രവീന്ദ്ര ജഡേജയായിരുന്നു അസലങ്കയുടെ അടുത്ത ഇര. 19 പന്തില്‍ നാല് റണ്‍സ് നേടിയ ജഡേജയെ കുശാല്‍ മെന്‍ഡിസിന്റെ കൈകളിലെത്തിച്ച് മടക്കിയ അസങ്ക പിന്നാലെ ബുംറയെയും കുല്‍ദീപ് യാദവിനെയും പുറത്താക്കി.

ഇരുവരും ചേര്‍ന്ന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശേഷിക്കുന്ന ഒറ്റ വിക്കറ്റ് സ്വന്തമാക്കിയത് മഹീഷ് തീക്ഷണ എന്ന മറ്റൊരു സ്പിന്നറായിരുന്നു.

ഒരു മെയ്ഡന്‍ അടക്കം പത്ത് ഓവര്‍ പന്തെറിഞ്ഞ് അഞ്ച് വിക്കറ്റാണ് വെല്ലാലാഗെ സ്വന്തമാക്കിയത്. 5.00 എന്ന മികച്ച എക്കോണമിയാണ് താരത്തിനുണ്ടായിരുന്നത്.

അതേസമയം, ഒരു മെയ്ഡനടക്കം ഒമ്പത് ഓവര്‍ പന്തെറിഞ്ഞ അസലങ്ക വെറും 18 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. കഴിഞ്ഞ മത്സരത്തിലെ എക്കോണമിയാകട്ടെ വെറും 2.00ഉം.

കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും വരും മത്സരങ്ങളിലും പ്രത്യേകിച്ച് ലോകകപ്പിന് മുമ്പും ബൗളര്‍മാരുടെ പ്രകടനം ആരാധകര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അര്‍ജുന രണതുംഗക്ക് ശേഷം ബൗളര്‍മാരെ കൂട്ടുപിടിച്ച് ദാസുന്‍ ഷണക വിശ്വകിരീടം മരതക ദ്വീപിലെത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content highlight: Brilliant bowling performance by Charith Asalanka and Dunith Wellalage