Sports News
അക്‌സറിനെയും ജഡേജയെയും കണ്ട ഓസീസ് താരങ്ങള്‍ ഒന്നടങ്കം ചോദിക്കുന്നു 'ഡേയ്, ഇത് എപ്പടി ടാ'
സ്പോര്‍ട്സ് ഡെസ്‌ക്
2023 Feb 11, 03:48 am
Saturday, 11th February 2023, 9:18 am

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ രണ്ടാം ദിവസത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ വെടിക്കെട്ടിനാണ് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.

സെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും, അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യക്കായി തിളങ്ങിയത്.

ഇടം കയ്യന്‍ ബാറ്റര്‍മാരെ പുറത്താക്കാന്‍ വേണ്ടി മാത്രം ഇന്ത്യ പിച്ചൊരുക്കിയതാണെന്ന് പറഞ്ഞ ഓസീസിന് മുമ്പില്‍ തുടരെ തുടരെ ബൗണ്ടറിയടിച്ചും അര്‍ധ സെഞ്ച്വറി തികച്ചുമാണ് ഇന്ത്യയുടെ ലെഫ്റ്റ് ഹാന്‍ഡര്‍മാരായ ജഡേജയും അക്‌സറും വിസ്മയം തീര്‍ക്കുന്നത്.

170 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറിയുടെ അകമ്പടിയോടെ 66 റണ്‍സാണ് രണ്ടാം ദിവസം ജഡേജ സ്വന്തമാക്കിയത്. എട്ട് ബൗണ്ടറികളടക്കം 102 പന്തില്‍ നിന്നും 52 റണ്‍സുമായാണ് അക്‌സര്‍ പുറത്താകാതെ ബാറ്റിങ് തുടരുന്നത്.

തങ്ങളുടെ ഇടം കയ്യന്‍ ബാറ്റര്‍മാരായ ഡേവിഡ് വാര്‍ണറും മാറ്റ് റെന്‍ഷോയും ഉസ്മാന്‍ ഖവാജയും അലക്‌സ് കാരിയുമെല്ലാം കാലിടറി വീണ അതേ പിച്ചില്‍ തന്നെയാണ് ഇന്ത്യയുടെ ലെഫ്റ്റ് ഹാന്‍ഡര്‍മാര്‍ തകര്‍ത്തടിക്കുന്നത് എന്നതാണ് ഓസീസ് ആരാധകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുന്നത്.

ജഡേജക്കും അക്‌സറിനും പുറമെ ഇന്ത്യന്‍ നിരയിലെ മറ്റൊരു ഇടം കയ്യന്‍ ബാറ്ററായ രവിചന്ദ്രന്‍ അശ്വിനും ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 62 പന്തില്‍ നിന്നും 23 റണ്‍സുമായിട്ടാണ് അശ്വിന്‍ പുറത്തായത്.

അതേസമയം, അരങ്ങേറ്റക്കാരന്‍ ടോഡ് മര്‍ഫിയാണ് ബൗളിങ്ങില്‍ ഓസീസ് നിരയില്‍ തിളങ്ങിയത്. ഒമ്പത് മെയ്ഡനടക്കം 36 ഓവറില്‍ 82 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് മര്‍ഫി വീഴ്ത്തിയത്.

വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ് ലി, എസ്. ഭരത് എന്നിവരാണ് മര്‍ഫിക്ക് മുമ്പില്‍ വീണത്.

അശ്വിനെയും ഭരത്തിനെയും വിക്കറ്റിന് മുമ്പില്‍ കുടുക്കിയപ്പോള്‍ രാഹുലിനെ റിട്ടേണ്‍ ക്യാച്ചിലൂടെയും താരം മടക്കി. ചേതേശ്വര്‍ പൂജാരയെ സ്‌കോട്ട് ബോളണ്ടിന്റെയും കോഹ് ലിയെ അലക്‌സ് കാരിയുടെ കൈകളിലുമെത്തിച്ചാണ് മര്‍ഫി അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്.

പാറ്റ് കമ്മിന്‍സും നഥാന്‍ ലിയോണുമാണ് മറ്റ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

രണ്ടാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ മികച്ച രീതിയില്‍ ബാറ്റിങ് തുടരുകയാണ്. ഓസീസ് ഉയര്‍ത്തിയ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 177 മറികടക്കുകയും ഇതിനോടകം തന്നെ 144 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 114 ഓവറില്‍ 321 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.

 

Content Highlight: Brilliant batting performance by Indian left hand batters