ലണ്ടന്‍: അരനൂറ്റാണ്ടോളം യൂറോപ്യന്‍ യൂണിയന്റെ ഭാഗമായിരുന്ന ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ പിന്തുടരുന്നത് നിര്‍ത്തി. ഇതോടെ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ബ്രെക്‌സിറ്റ് കരാറ് പൂര്‍ണമാകുകയാണ്.
ബ്രിട്ടന്റെ കൈവശം സ്വാതന്ത്ര്യമുണ്ടെന്നും കാര്യങ്ങള്‍ വ്യത്യസ്തമായും നമ്മുടെ രീതിയിലും ഇനിമുതല്‍ പിന്തുടരാമെന്നും ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ബ്രെക്‌സിറ്റ് പ്രക്രിയകള്‍ അവസാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രെക്‌സിറ്റ് പ്രക്രിയകള്‍ പൂര്‍ണമായതിന് പിന്നാലെ ഫ്രഞ്ച് പൗരത്വത്തിനും പാസ്‌പോര്‍ട്ടിനും അപേക്ഷിച്ചിരിക്കുകയാണ് ബോറിസ് ജോണ്‍സന്റെ പിതാവ് സ്റ്റാന്‍ലി ജോണ്‍സണ്‍.
യൂറോപ്യന്‍ പാര്‍ലമെന്റിലെ മുന്‍ അംഗം കൂടിയായിരുന്നു അദ്ദേഹം. 2016ല്‍ യൂറോപ്യന്‍ യൂണിയനോടൊപ്പം തന്നെ നില്‍ക്കണമെന്ന അഭിപ്രായമാണ് സ്റ്റാന്‍ലി ജോണ്‍സണ്‍ സ്വീകരിച്ചിരുന്നത്.
കുടുംബത്തിന് ഫ്രാന്‍സുമായുള്ള അടുത്ത ബന്ധമാണ് ഫ്രഞ്ച് പൗരത്വം കൂടിവേണമെന്ന് തീരുമാനിക്കാന്‍ കാരണമെന്നാണ് ആര്‍.ടി.എല്‍ റേഡിയോയില്‍ അദ്ദേഹം പറഞ്ഞത്.
ഫ്രഞ്ച് സര്‍ക്കാര്‍ സ്റ്റാന്‍ലിയുടെ അപക്ഷേ സ്വീകരിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗമായ ഫ്രാന്‍സിന്റെയും, ബ്രിട്ടന്റെയും പാസ്‌പോര്‍ട്ടുള്ള അംഗമാകും അദ്ദേഹം.
ഞാന്‍ എല്ലാക്കാലത്തും യൂറോപ്യന്‍ ആണെന്നും ആര്‍ക്കും ബ്രിട്ടീഷ് ജനതയോട് നിങ്ങള്‍ യൂറോപ്യന്‍ അല്ല എന്ന് പറയാനാകില്ലെന്നും സ്റ്റാന്‍ലി ജോണ്‍സണ്‍ പറഞ്ഞിരുന്നു.
ജനുവരി 31നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത്. അതേസമയം കഴിഞ്ഞ പതിനൊന്ന് മാസമായി ഇരുവിഭാഗങ്ങളും ഭാവിയിലെ സാമ്പത്തിക പങ്കാളിത്തവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നതിനാല്‍ നേരത്തെയുണ്ടായിരുന്ന വ്യാപാര നിയമങ്ങളില്‍ തന്നെ തുടരുകയായിരുന്നു.
പുതിയ നിയമ പ്രകാരം യു.കെ നിര്‍മ്മാതാക്കള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ ആഭ്യന്തര വിപണിയിലേക്ക് താരിഫ് രഹിത പ്രവേശനം ഉണ്ടായിരിക്കും. ചരക്കുകള്‍ക്ക് ഇറക്കുമതി നികുതിയും നല്‍കേണ്ടി വരില്ല.
അതേസമയം യു.കെയുടെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഭാഗമായ ബാങ്കിങ്ങ് മേഖലയ്ക്കും അനുബന്ധ സേവനങ്ങള്‍ക്കും എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
2016ലെ ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തീരുമാനിച്ചതിന് ശേഷം വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ബ്രിട്ടന്‍ പൂര്‍ണമായും യൂറോപ്യന്‍ യൂണിയന്‍ വിടുന്ന തീരുമാനം പാര്‍ലമെന്റില്‍ നിയമം ആകുന്നത്.
എല്ലാ രാജ്യങ്ങളുമായി പ്രത്യേകം കരാറുണ്ടാക്കണമെന്നതാണ് ബ്രിട്ടന്‍ ഇനി നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളി.