Sports News
ക്രിക്കറ്റിന്റെ ഏറ്റവും പെര്‍ഫക്ടായ രീതിയിലാണ് അവര്‍ ലോകകപ്പ് കളിച്ചത്; പ്രശംസയുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 17, 12:41 pm
Wednesday, 17th July 2024, 6:11 pm

2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ 7 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. 2007ല്‍ എം.എസ്. ധോണിക്ക് ശേഷം 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യ കിരീടം നേടുന്നത്.

ഒരു ഘട്ടത്തില്‍ 30 പന്തില്‍ 30 റണ്‍സായിരുന്നു വിജയിക്കാന്‍ വേണ്ടത്. നിര്‍ണായകഘട്ടത്തില്‍ ഇന്ത്യയെ തോല്‍വിയുടെ വക്കില്‍ നിന്നും പേസര്‍ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ചേര്‍ന്ന അവസാന അഞ്ച് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് ടി-20 ലോകകപ്പ് കിരീടം തിരിച്ച് പിടിച്ചത്.

ഇതോടെ നിരവധി മുന്‍ താരങ്ങള്‍ ഇന്ത്യയ്ക്ക് വമ്പന്‍ പ്രശംസ അറിയിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഓസീസ് ഇതിഹാസം ബ്രെറ്റ് ലീ ഇന്ത്യയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. 2024 ടി-20 ലോകകപ്പില്‍ ഇന്ത്യ കാഴ്ചവെച്ചത് പെര്‍ഫക്ടായ ക്രിക്കറ്റാണെന്നാണ് ബ്രെറ്റ് ലീ പറയുന്നത്. ഇന്ത്യ ക്രിക്കറ്റിന്റെ ഏറ്റവും ശക്തമായ ഭാഗം കാണിച്ചെന്നും അതില്‍ ക്യാപ്റ്റന്‍ രോഹിത്തും ടീമും വലിയ പ്രശംസ അര്‍ഹിക്കുന്നെന്നാണ് അദ്ദേഹം പറഞ്ഞത്.

‘2024 ടി-20 ലോകകപ്പില്‍ ഇന്ത്യ ക്രിക്കറ്റിന്റെ ഏറ്റവും പെര്‍ഫക്ടായ രീതിയിലാണ് കളിച്ചത്. സത്യത്തില്‍ അവര്‍ ഏറ്റവും ശക്തമായ രീതിയാണ് കാണിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്തും ടീമും വലിയ പ്രശംസ അര്‍ഹിക്കുന്നു,’ ബ്രെറ്റ് ലീ ടൈ ഓഫ് ഇന്ത്യയില്‍ പറഞ്ഞു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.

 

Content Highlight: Brett Lee Talking About India