ബാസ്‌ബോള്‍ യുഗത്തില്‍ ഇംഗ്ലണ്ട് ഇതാദ്യമായി ഒരു പരമ്പരയില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന്റെ അവസാന മത്സരത്തിന് മുമ്പ് തന്നെ സന്ദര്‍ശകര്‍ പരമ്പര അടിയറ വെച്ചിരുന്നു. ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെയാണ് ഇംഗ്ലണ്ട് തോല്‍വിയിലേക്ക് വീണത്.
ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസീസ് താരങ്ങളായ ബ്രാഡ് ഹാഡിനും ടിം പെയ്‌നും. പ്രധാന താരങ്ങള്‍ ഒന്നുമില്ലാതെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെുടത്തിയതെന്നായിരുന്നു ഇരുവരും പറഞ്ഞത്.
എറൗണ്ട് ദി വിക്കറ്റ് പോഡ്കാസ്റ്റിലായിരുന്നു ഇരുവരും സംസാരിച്ചത്.
‘പക്ഷേ അവര്‍ ഇന്ത്യയുടെ ബി ടീമിനോടായിരുന്നു കളിച്ചുകൊണ്ടിരുന്നത്. കാരണം വിരാട് കോഹ്‌ലിയോ മുഹമ്മദ് ഷമിയോ ടീമിലില്ല. അവസാന ടെസ്റ്റില്‍ ബുംറക്ക് വിശ്രമം നല്‍കി. കെ.എല്‍. രാഹുലും പുറത്തായി. റിഷബ് പന്താകട്ടെ ആ അപകടത്തില്‍ നിന്നും ആരോഗ്യവാനായി മങ്ങിയെത്തുന്നേ ഉള്ളൂ.
ഇപ്പോഴുള്ളത് ഇന്ത്യയുടെ ഏറ്റവും ശക്തമായ നിരയല്ല. പക്ഷേ ഇത് ഇന്ത്യന്‍ ക്രിക്കറ്റ് എത്രത്തോളം വലുതാണെന്നും അവരുടെ ശക്തി എത്രത്തോളമുണ്ടെന്നും നമുക്ക് കാണിച്ചു തരികയാണ്. ഇന്ത്യയുടെ അടുത്ത തലമുറയില്‍പ്പെട്ട പല വലിയ പേരുകളുമാണ് ഇപ്പോള്‍ അവര്‍ക്കൊപ്പമുള്ളത്.
ജെയ്‌സ്വാള്‍ അവരെ മുമ്പില്‍ നിന്നും നയിക്കുന്നു. അവസാന ടെസ്റ്റിലടക്കം യുവതാരം ജുറെല്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതുകൊണ്ടുതന്നെ ഇന്ത്യ വളരെ ശക്തമായ ടീമായാണ് കാണപ്പെടുന്നത്,’ ഹാഡിന്‍ പറഞ്ഞു.
‘ഇന്ത്യയുടെ ബി ടീമിനോട് തോല്‍ക്കേണ്ടി വരുന്നത് എത്രത്തോളം ഭീകരമാണെന്ന് എനിക്കറിയാം. നിര്‍ഭാഗ്യവശാല്‍ സ്വന്തം മണ്ണില്‍ ഞങ്ങള്‍ക്ക് അത് സംഭവിച്ചിട്ടുണ്ട്.
ഇന്ത്യന്‍ നിരയില്‍ പല വമ്പന്‍ പേരുകാരും ഇല്ല. ഇത് യഥാര്‍ത്ഥത്തില്‍ ഇംഗ്ലണ്ടിനെ സഹായകരമാകേണ്ടതാണ്.
ഇംഗ്ലണ്ട് കളിക്കുന്നത് ഞാന്‍ ഏറെ ആസ്വദിക്കുന്നു. അവര്‍ ക്രിക്കറ്റിലേക്കിറങ്ങിച്ചെല്ലുന്ന രീതി എനിക്കേറെ ഇഷ്ടമാണ്. അവര്‍ തോല്‍ക്കുന്നത് കാണാനും എനിക്കിഷ്ടമാണ്. തെറ്റിദ്ധരിക്കരുത് അവരുടെ മത്സരങ്ങള്‍ എന്റര്‍ടെയ്‌നിങ്ങും എക്‌സൈറ്റിങ്ങുമാണ്,’ പെയ്ന്‍ പറഞ്ഞു.
അതേസമയം, ഇന്ത്യ-ഇഗ്ലണ്ട് പരമ്പരയിലെ അഞ്ചാം മത്സരം ധര്‍മശാലയില്‍ തുടരുകയാണ്. രണ്ടാം ദിവസമവസാനിക്കുമ്പോള്‍ 255 റണ്‍സിന്റെ ലീഡുമായാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. നിലവില്‍ 473 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇവര്‍ക്ക് പുറമെ അരങ്ങേറ്റക്കാരന്‍ ദേവ്ദത്ത് പടിക്കല്‍, യശശ്വി ജെയ്സ്വാള്‍, സര്‍ഫറാസ് ഖാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയും ടീമിന് തുണയായി.
ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 3-1 എന്ന ലീഡില്‍ പരമ്പര സ്വന്തമാക്കിയ ഇന്ത്യ ധര്‍മശാലയിലും വിജയിച്ച് വെന്നിക്കൊടി പാറിക്കാനുള്ള ഒരുക്കത്തിലാണ്.
Content Highlight: Brad Haddin and Tim Paine about India vs England test