ബി.ആര്‍ ഷെട്ടി ബാങ്ക് ഓഫ് ബറോഡയ്ക്ക് നല്‍കാനുള്ളത് 1900 കോടി രൂപ; കുരുക്ക് മുറുക്കി ബാങ്ക്, കോടതിയിലേക്ക്
national news
ബി.ആര്‍ ഷെട്ടി ബാങ്ക് ഓഫ് ബറോഡയ്ക്ക് നല്‍കാനുള്ളത് 1900 കോടി രൂപ; കുരുക്ക് മുറുക്കി ബാങ്ക്, കോടതിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th May 2020, 7:41 am

ബെംഗലൂരു: യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിശൃംഖലയായ എന്‍.എം.സി സ്ഥാപകന്‍ ബിആര്‍ ഷെട്ടിയില്‍ നിന്ന് 19.13 ബില്യണ്‍ രൂപ (253 മില്യണ്‍ ഡോളര്‍)യിലധികം വരുന്നവായ്പാതുക തിരിച്ച് പിടിക്കാന്‍ ശ്രമമാരംഭിച്ച് ബാങ്ക് ഓഫ് ബറോഡ. ഷെട്ടിയുടെയും ഭാര്യയെയും സ്വത്തുക്കള്‍ വില്‍ക്കുന്നത്തില്‍നിന്നും കൈമാറ്റം ചെയ്യുന്നത്തില്‍നിന്നും തടഞ്ഞു കൊണ്ട് ബെംഗലൂരു കോടതി ഉത്തരവിറക്കി. കോടതി രേഖകള്‍ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

1913 കോടി രൂപ വായ്പയ്ക്കായി ഷെട്ടിയും ഭാര്യയും ബെംഗലൂരു ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ നഗരങ്ങളില്‍ സ്ഥിതി ചെയ്യുന്ന 16 വസ്തുവകകളാണ് ബാങ്കിന് ഗ്യാരന്റിയായി നല്കിയിട്ടുള്ളതെന്ന് കോടതി ഉത്തരവില്‍ പരാമര്‍ശിക്കുന്നു. ജൂണ്‍ എട്ടിന് കോടതി അടുത്ത വാദം കേള്‍ക്കും.

യു.എ.ഇയിലെ ഏറ്റവും വലിയ സ്വകാര്യ ഹോസ്പിറ്റല്‍ ശൃംഖലയായ എന്‍.എം.സിയെ മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കു ശേഷം ഏപ്രിലിലാണ് പുതിയൊരു ഭരണ സമിതിക്കു കീഴിലേക്ക് മാറ്റിയത്. നേരത്തെ നല്‍കിയ കണക്കുകള്‍ പ്രകാരം കമ്പനിയുടെ കടബാധ്യത 2.1 ബില്യണ്‍ ഡോളറായിരുന്നെങ്കിലും ഇക്കഴിഞ്ഞ മാര്‍ച്ചില്‍, 6.6 ബില്യണ്‍ ഡോളറിന്റെ കടമുണ്ടെന്ന് കമ്പനി വെളിപ്പെടുത്തിയിരുന്നു.

നേരത്തെ റിപ്പോര്‍ട്ടുചെയ്തതിനേക്കാള്‍ ഒരു ബില്യണ്‍ ഡോളറിലധികം കടബാധ്യതയുണ്ടെന്നാണ് ഷെട്ടിക്ക് നിയന്ത്രണ പങ്കാളിത്തമുള്ള ധനകാര്യസ്ഥാപനമായ ഫിനാബ്ലര്‍ കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞത്.

വിഷയത്തില്‍ ഷെട്ടിയെയും ബാങ്ക് ഓഫ് ബറോഡയെയും ബന്ധപ്പെട്ടെങ്കിലും ഇരുവരും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോണിന് ഗ്യാരണ്ടിയായി ബാങ്കില്‍ പണയം വെച്ച 16 സ്വത്തുവകകള്‍ ബാങ്കിന് കൈമാറാന്‍ ഷെട്ടി ബാധ്യസ്ഥനാണെന്നു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക