ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും ആതിഥേയരായ ഓസ്ട്രേലിയയും. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരം വിജയിച്ച് പരമ്പരയില്‍ മുമ്പിലെത്തിയതിന്റെ ആത്മവിശ്വാസത്തോടെ ഇന്ത്യയിറങ്ങുമ്പോള്‍ തങ്ങളുടെ കുത്തകയായ പിങ്ക് ബോള്‍ ടെസ്റ്റില്‍ വിജയം സ്വന്തമാക്കി ഇന്ത്യക്കൊപ്പമെത്താനാണ് കങ്കാരുക്കള്‍ കച്ചമുറുക്കുന്നത്.
ക്യാപ്റ്റനായി രോഹിത് ശര്‍മ മടങ്ങിയെത്തുമ്പോള്‍ ഇന്ത്യന്‍ കോമ്പിനേഷനില്‍ കാര്യമായ അഴിച്ചുപണികളുണ്ടായേക്കും. പെര്‍ത്തിലെ ചരിത്ര വിജയത്തിന്റെ ഭാഗമായ താരങ്ങള്‍ ബെഞ്ചിലിരിക്കേണ്ടി വരുന്നത് മുതല്‍ ബാറ്റിങ് ഓര്‍ഡറിലെ വ്യത്യാസങ്ങളും ഇതില്‍ ഉള്‍പ്പെടും. പരിക്ക് വെല്ലുവിളിയുയര്‍ത്തുന്ന കങ്കാരുപ്പടയിലും മാറ്റങ്ങളുണ്ടാകും.
പെര്‍ത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ഖ്യാതിക്കൊപ്പം ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയന്‍ മണ്ണില്‍ ആതിഥേയരെ തോല്പിക്കുന്ന രണ്ടാമത് ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടവും ബുംറ സ്വന്തമാക്കിയിരുന്നു.
ഇപ്പോള്‍ ജസ്പ്രീത് ബുംറയെ കുറിച്ച് സംസാരിക്കുകയാണ് സൂപ്പര്‍ താരം ട്രാവിസ് ഹെഡ്. ബുംറ ലോകത്തിലെ എക്കാലത്തെയും മികച്ച ബൗളറായി മാറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹത്തിനെതിരെ കളിക്കുന്നത് എല്ലായ്പ്പോഴും ആസ്വദിക്കുന്നുണ്ടെന്നും അഡ്ലെയ്ഡ് ടെസ്റ്റിന് മുമ്പായി അദ്ദേഹം പറഞ്ഞു.
‘ലോകം കണ്ട എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളായി ജസ്പ്രീത് ബുംറ മാറാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. ബുംറയ്ക്കെതിരെ കളിക്കുക എന്നത് വെല്ലുവിളിയാണ്, ആ നിമിഷത്തെ കണ്ടെത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതിനെതിരെ കളിക്കുക എന്നത് എല്ലായ്പ്പോഴും രസകരമാണ്.
ഭാവിയില്‍ എന്റെ കരിയറിനെ കുറിച്ച് പേരക്കുട്ടികളോട് പറയുമ്പോള്‍ ഞാന്‍ ജസ്പ്രീത് ബുംറക്കെതിരെ കളിച്ചിട്ടുണ്ട് എന്ന് പറയുന്നത് തന്നെ അഭിമാനമായിരിക്കും. ബുംറക്കെതിരെയാണ് കളിക്കുന്നത് എന്നതിനാല്‍ തന്നെ ഇതൊരിക്കലും ഒരു മോശം പരമ്പരയായിരിക്കില്ല,’ ഹെഡ് പറഞ്ഞു.
ബുംറക്കെതിരെ ബാറ്റ് ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും ഹെഡ് കൂട്ടിച്ചേര്‍ത്തു.
പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ ബുംറയാണ് ഹെഡിനെ പുറത്താക്കിയത്. ആദ്യ ഇന്നിങ്സില്‍ ഹര്‍ഷിത് റാണയോട് തോറ്റും ഹെഡ് പുറത്തായിരുന്നു.
ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെയാണ് അഡ്ലെയ്ഡില് പിങ്ക് ബോള്‍ ഡേ-നൈറ്റ് ടൈസ്റ്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഇതുവരെ 11 പിങ്ക് ബോള്‍ മത്സരങ്ങളാണ് ഓസ്ട്രേലിയ കളിച്ചിട്ടുള്ളത്. അതില്‍ പത്തിലും വിജയം കങ്കാരുക്കള്‍ക്കൊപ്പം നിന്നു. ഒന്നില്‍ പരാജയപ്പെട്ടു. വിജയശതമാനമാകട്ടെ 91 ശതമാനത്തിലേറെയും.
ഇതുവരെ കളിച്ച നാല് പിങ്ക് ബോള്‍ ടെസ്റ്റില്‍ മൂന്നിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. പരാജയപ്പെട്ടതാകട്ടെ ഓസ്ട്രേലിയയോടും. 2020ലെ ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യയെ ഈ പരാജയം തേടിയെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പരാജയം കൂടിയായിരുന്നു അത്.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ വെറും 36 റണ്‍സിന് പുറത്തായ ഇന്ത്യ ഒരു ഇന്നിങ്സിലെ ഏറ്റവും മോശം ടോട്ടലിന്റെ റെക്കോഡും സ്വന്തമാക്കിയിരുന്നു.
അതേ അഡ്ലെയ്ഡില് മറ്റൊരു പിങ്ക് ബോള്‍ ടെസ്റ്റിനൊരുങ്ങുമ്പോള്‍ ആ നാണക്കേടിന് മറുപടി നല്‍കുക എന്ന ലക്ഷ്യം കൂടി ഇന്ത്യക്കുണ്ടാകും.
Content Highlight: Border Gavaskar Trophy: Travis Head talks about Jasprit Bumrah