മറ്റാര്‍ക്കുമില്ലാത്ത നേട്ടത്തിലെത്താന്‍ ബുംറ, വേണ്ടത് വെറും ഒറ്റ വിക്കറ്റ്
Sports News
മറ്റാര്‍ക്കുമില്ലാത്ത നേട്ടത്തിലെത്താന്‍ ബുംറ, വേണ്ടത് വെറും ഒറ്റ വിക്കറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th November 2024, 7:53 am

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് കളമൊരുങ്ങുകയാണ്. ഡിസംബര്‍ ആറിന് ആരംഭിക്കുന്ന മത്സരത്തിന് അഡ്‌ലെയ്ഡാണ് വേദിയാകുന്നത്. പെര്‍ത്തിലെ ആദ്യ മത്സരത്തിലെ 295 റണ്‍സിന്റെ കൂറ്റന്‍ വിജയം സമ്മാനിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാം മത്സരത്തിനൊരുങ്ങുന്നത്.

ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങ് മികവിലാണ് ഇന്ത്യ പെര്‍ത്തില്‍ വിജയിച്ചുകയറിയത്. ആദ്യ ഇന്നിങ്‌സില്‍ ഫൈഫറുമായി തിളങ്ങിയ ഇന്ത്യന്‍ നായകന്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി.

ഈ മികച്ച പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ബുംറ തന്നെയാണ്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് ബുംറയെ കാത്തിരിക്കുന്നത്. അതിന് വേണ്ടതാകട്ടെ ഒറ്റ വിക്കറ്റും.

2024ല്‍ 50 ടെസ്റ്റ് വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ബുംറക്ക് മുമ്പിലുള്ളത്.

ഈ വര്‍ഷം കളിച്ച പത്ത് മത്സരത്തില്‍ നിന്നും 49 വിക്കറ്റുകളാണ് ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ സ്വന്തമാക്കിയത്. 15.24 എന്ന മികച്ച ശരാശരിയിലും 30.08 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് ബുംറ പന്തെറിയുന്നത്. ഈ വര്‍ഷം രണ്ട് തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബുംറ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

എന്നാല്‍ ഈ റെക്കോഡില്‍ ഇന്ത്യയില്‍ നിന്ന് തന്നെ ബുംറക്ക് ഭീഷണി ഉയരുന്നുണ്ട്. സൂപ്പര്‍ താരം ആര്‍. അശ്വിനാണ് ഈ റെക്കോഡ് നേട്ടത്തിലേക്ക് കണ്ണുവെക്കുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള അശ്വിന് നാല് വിക്കറ്റ് സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഈ വര്‍ഷം 50 ടെസ്റ്റ് വിക്കറ്റ് നേടുന്ന ആദ്യ താരമാകാന്‍ സാധിക്കും.

2024ല്‍ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന താരം

(താരം – ടീം – ഇന്നിങ്‌സ് – വഴങ്ങിയ റണ്‍സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

ജസ്പ്രീത് ബുംറ – ഇന്ത്യ – 20 – 747 – 49

ആര്‍. അശ്വിന്‍ – ഇന്ത്യ – 20 – 1228 – 46

ഷോയ്ബ് ബഷീര്‍ – ഇംഗ്ലണ്ട് – 22 – 1623 – 45

രവീന്ദ്ര ജഡജേ – ഇന്ത്യ – 18 – 960 – 44

ഗസ് ആറ്റ്കിന്‍സണ്‍ – ഇംഗ്ലണ്ട് – 16 – 914 – 42

പ്രഭാത് ജയസൂര്യ – ശ്രീലങ്ക – 16 – 1249 – 42

അതേസമയം, രണ്ടാം ടെസ്റ്റിനുള്ള സ്‌ക്വാഡ് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരുന്നു. ബ്യൂ വെബ്സ്റ്ററിനെ സ്‌ക്വാഡിന്റെ ഭാഗമാക്കിയാണ് ഓസീസ് രണ്ടാം ടെസ്റ്റിനിറങ്ങുന്നത്.

ആഭ്യന്തര തലത്തില്‍ കഴിവ് തെളിയിച്ചാണ് വെബ്സ്റ്റര്‍ ബാഗി ഗ്രീന്‍ ലക്ഷ്യമിടുന്നത്. ഷെഫീല്‍ഡ് ഷീല്‍ഡിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ വെബ്സ്റ്റര്‍ നിലവിലെ ഷെഫീല്‍ഡ് ഷീല്‍ഡ് പ്ലെയര്‍ ഓഫ് ദി സീസണുമാണ്.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഇതിനോടകം 93 മത്സരം കളിച്ച താരം 37.83 ശരാശരിയില്‍ 5,297 റണ്‍സ് നേടിയിട്ടുണ്ട്. 12 സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറിയും വെബ്സ്റ്റര്‍ തന്റെ പേരിന് നേരെ കുറിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി 24ന് വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ നേടിയ 187 ആണ് മികച്ച സ്‌കോര്‍.

ഫസ്റ്റ് ക്ലാസ് കരിയറില്‍ 37.39 ശരാശരിയിലും 64.8 സ്ട്രൈക്ക് റേറ്റില്‍ 148 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. 3.45 ആണ് വെബ്സ്റ്ററിന്റെ എക്കോണമി.

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ തിരിച്ചുവരാനാണ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്. അതേസമയം, രണ്ടാം മത്സരത്തിലും വിജയിച്ച് ആതിഥേയരെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിടാനാകും ഇന്ത്യയുടെ ശ്രമം.

രണ്ടാം ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലാബുഷാന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, നഥാന്‍ മക്‌സ്വീനി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.

 

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.

ട്രാവലിങ് റിസര്‍വുകള്‍

മുകേഷ് കുമാര്‍, നവ്ദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ്.

 

 

Content highlight: Border Gavaskar Trophy: Jasprit Bumrah need 1 wicket to complete 50 wickets in 2024