ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ഇത്തവണ എതിരാളികളുടെ തട്ടകത്തിലാണ് പരമ്പര അരങ്ങേറുന്നത്. പരമ്പര വിജയത്തേക്കാളുപരി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ലക്ഷ്യമിടുന്നത്.
നവംബര്‍ 22നാണ് പരമ്പര ആരംഭിക്കുന്നത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയമാണ് ആദ്യ മത്സരത്തിന് വേദിയാകുന്നത്.
ഈ മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മ കളിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രോഹിത് ആദ്യ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ളവര്‍ നടത്തിയ ചില പ്രസ്താവനകള്‍ വിവാദമാവുകയും ചെയ്തിരുന്നു.
ആദ്യ മത്സരത്തില്‍ രോഹിത് ഉണ്ടാകുമോ എന്നതിനെ സംബന്ധിച്ച് സംസാരിക്കുകയാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍.
‘നിലവില്‍ അതിനെ സംബന്ധിച്ച് ഒന്നും തന്നെ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. സാഹചര്യങ്ങള്‍ എന്താണെന്ന് നിങ്ങളെ ഉറപ്പായും അറിയിക്കുന്നതാണ്. രോഹിത് ആദ്യ മത്സരത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ഗംഭീര്‍ പറഞ്ഞു.
എന്നാല്‍ രോഹിത്തിന് ആദ്യ മത്സരം കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ പകരം ആര് ഇന്ത്യയെ നയിക്കും എന്നതിനെ കുറിച്ചും ഗംഭീര്‍ സംസാരിച്ചു. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ബുംറ ഇന്ത്യയെ നയിക്കുമെന്നാണ് ഗംഭീര്‍ പറഞ്ഞത്.
ക്യാപ്റ്റന്‍ ബുംറ
ഇതിന് മുമ്പ് പലപ്പോഴായി ഇന്ത്യയെ നിയിച്ചിട്ടുണ്ട്. ഇതില്‍ ഒരു ടെസ്റ്റ് മത്സരവും ഉള്‍പ്പെടുന്നു.
2022ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാം ടെസ്റ്റിലാണ് ബുംറ ക്യാപ്റ്റന്റെ കുപ്പായത്തിലെത്തിയത്. രോഹിത് ശര്‍മ കൊവിഡ് ബാധിതനായതിന് പിന്നാലെയാണ് ബുംറ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണായിരുന്നു ബുംറയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിന് സാക്ഷ്യം വഹിച്ചത്.
ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ഇന്ത്യയെ നയിക്കുന്ന ആദ്യ പേസര്‍ എന്ന ഐതിഹാസിക നേട്ടവും ബുംറ അന്ന് സ്വന്തമാക്കിയിരുന്നു.
എന്നാല്‍ ഈ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ മാത്രം ബുംറക്ക് സാധിച്ചില്ല. അഞ്ചാം ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ പരമ്പര സമനിലയില്‍ അവസാനിക്കുകയും ചെയ്തു.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി 2025
കാലങ്ങള്‍ക്ക് ശേഷം അഞ്ച് മത്സരങ്ങളുടെ പരമ്പരയിലേക്ക് ബി.ജി.ടി കളം മാറുകയാണ്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ തുടര്‍ച്ചയായ അഞ്ചാം വിജയവും ഓസ്‌ട്രേലിയന്‍ മണ്ണിലെ തുടര്‍ച്ചയായ മൂന്നാം വിജയവുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം
ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.
രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്ലെയ്ഡ് ഓവല്‍.
മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്ബെയ്ന്‍.
ബോക്സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.
അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്.