നൈജീരിയയില്‍ ശവ സംസ്‌കാര ചടങ്ങിന് നേരെ ബോക്കോ ഹറാം ആക്രമണം; 18 സ്ത്രീകള്‍ കൊല്ലപ്പെട്ടു
Daily News
നൈജീരിയയില്‍ ശവ സംസ്‌കാര ചടങ്ങിന് നേരെ ബോക്കോ ഹറാം ആക്രമണം; 18 സ്ത്രീകള്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th June 2016, 11:05 pm

nigeria

അബൂജ: വടക്കു കിഴക്കന്‍ നൈജീരിയയില്‍ ശവസംസ്‌കാര ചടങ്ങിന് നേരെ ബോക്കോ ഹറാം തീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ 18 സ്ത്രീകള്‍ കൊല്ലപ്പെട്ടു. അദമാവ സ്റ്റേറ്റില്‍ കുദ എന്ന ഗ്രാമത്തിലാണ് അക്രമണമുണ്ടായത്. മോട്ടോര്‍ബൈക്കുകളിലെത്തിയ അക്രമി സംഘം നിരവധി വീടുകള്‍ക്ക് തീയിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെയ്പില്‍ പരിക്കേറ്റ പത്തോളം പേരുടെ നില ഗുരുതരമാണ്.

സാംബിസ എന്ന വനപ്രദേശത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലമാണ് കുദ. വനമേഖലയായതിനാല്‍ നൈജീരിയന്‍ സൈനികരില്‍ നിന്നും രക്ഷപ്പെടാന്‍ തീവ്രവാദികള്‍ ക്യാംപ് ചെയ്യുന്ന സ്ഥലമാണിത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തീവ്രവാദികള്‍ ഇവിടെ ആക്രമണം നടത്തിയിരുന്നു.

വെടിവെയ്പില്‍ മരണപ്പെട്ടവരുടെ സംഖ്യ വര്‍ധിച്ചേക്കാമെന്ന് പോലീസ് പറഞ്ഞു. ഭീകരരുടെ സാന്നിധ്യമുള്ളതിനാല്‍ പ്രദേശത്തേക്ക് ജനങ്ങള്‍ തിരിച്ച് ചെല്ലാന്‍ മടിക്കുകയാണ്.

നൈജീരിയയില്‍ ഏഴു വര്‍ഷമായി തുടരുന്ന ബോക്കോഹറാം ഭീകരതയില്‍ ഇരുപതിനായിരത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതു കൂടാതെ രണ്ട് മില്ല്യണിലധികം ജനങ്ങള്‍ അന്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍.