ബാഴ്സലോണ എഫ്.സിയില്‍ കളി മികവ് കൊണ്ടും റെക്കോഡ് നേട്ടത്തിന്റെ കാര്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളാണ് റൊണാള്‍ഡീഞ്ഞോയും ലയണല്‍ മെസിയും. ബാഴ്സയില്‍ മെസിയുടെ തുടക്കകാലത്ത് താരത്തിന്റെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയവരില്‍ ഒരാളായിരുന്നു റൊണാള്‍ഡീഞ്ഞോ.
ബാഴ്സലോണ ഇതിഹാസങ്ങളായ റൊണാള്‍ഡീഞ്ഞോയാണോ മെസിയോണോ മികച്ചതെന്ന ചോദ്യത്തിന് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് മുന്‍ ബാഴ്സലോണ താരം ബോജന്‍ ക്രിക്കിച്ച്. ക്യാമ്പ് നൗവില്‍ ഇരുവര്‍ക്കുമൊപ്പം കളം പങ്കിട്ട താരമാണ് ക്രിക്കിച്ച്. ഫുട്ബോള്‍ ചരിത്രത്തില്‍ ലയണല്‍ മെസിയാണ് മികച്ചതെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
ടോക്സ്പോര്‍ട്ടിലെ ഡ്രൈവ് എന്ന പരിപാടിക്കിടെയായിരുന്നു ക്രിക്കിച്ചിന്റെ പ്രതികരണം. കഴിഞ്ഞ 20 വര്‍ഷത്തെ ചരിത്രമെടുക്കുമ്പോള്‍ മെസിയുടെ പ്രതിഭ വേറിട്ടുനില്‍ക്കുന്നത് കാണാമെന്നും അദ്ദേഹം പറഞ്ഞു.
‘ഈ ചോദ്യത്തിന് ഒരു മറുപടി നല്‍കുക പ്രയാസമാണ്. എന്നാലും മെസിയാണ് മികച്ചതെന്ന് ഞാന്‍ പറയും. കഴിഞ്ഞ 20 വര്‍ഷത്തെ ഫുട്ബോള്‍ ചരിത്രമെടുത്ത് നോക്കിയാല്‍ മെസി തിളങ്ങി നില്‍ക്കുന്നത് കാണാനാകും. പക്ഷെ റൊണാള്‍ഡീഞ്ഞോക്ക് രണ്ടോ മൂന്നോ വര്‍ഷം മാത്രമെ ടോപ്പ് ലെവലില്‍ കളിക്കാന്‍ സാധിച്ചിട്ടുള്ളൂ. എന്നാല്‍ ആ രണ്ട് മൂന്ന് വര്‍ഷക്കാലം അസാധാരണ പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
മെസി അവിശ്വസനീയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. പണ്ട് തൊട്ട് അദ്ദേഹം ഒരേ ഫോമില്‍ തുടരുകയാണ്. ഇപ്പോഴും അദ്ദേഹം ഒരേ ലെവലിലാണ്. ഫുട്ബോളില്‍ മുഴുവന്‍ അംഗീകാരങ്ങളും അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു,’ ക്രിക്കിച്ച് പറഞ്ഞു.
ബാഴ്സലോണക്കായി 207 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകളാണ് റൊണാള്‍ഡീഞ്ഞോ അക്കൗണ്ടിലാക്കിയിരിക്കുന്നത്. ഇതിനുപുറമെ, രണ്ട് ലാ ലിഗ ടൈറ്റിലുകളും ഒരു ചാമ്പ്യന്‍സ് ലീഗും ഒരു ബാലണ്‍ ഡി ഓറും താരത്തിന്റെ പേരിലുണ്ട്.
അതേസമയം, ബാഴ്സലോണ ജേഴ്സിയില്‍ 778 മത്സരങ്ങളില്‍ നിന്ന് 672 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ഇതിനുപുറമെ 10 ലാ ലിഗ, ഏഴ് കോപ്പ ഡെല്‍ റേ, നാല് ചാമ്പ്യന്‍സ് ലീഗ്, ഏഴ് ബാലണ്‍ ഡി ഓര്‍ എന്നിവയാണ് മെസിയുടെ പേരിലുള്ളത്.