തങ്ങളുടെ തിരക്കഥകളിലൂടെ മലയാളത്തിൽ ശ്രദ്ധേയമായ സിനിമകൾ സമ്മാനിച്ച തിരക്കഥാകൃത്തുക്കളാണ് ബോബി – സഞ്ജയ്. റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ 2006ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു നോട്ട്ബുക്ക്.
കൗമാര പ്രായക്കാർക്കിടയിലെ പ്രണയത്തെ കുറിച്ച് സംസാരിച്ച ചിത്രം പ്രമേയം കൊണ്ടും അവതരണം കൊണ്ടും വലിയ രീതിയിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
വർഷങ്ങൾക്കിപ്പുറം ഇന്നും പ്രേക്ഷകർ നോട്ട്ബുക്കിനെ കുറിച്ച് സംസാരിക്കാറുണ്ട്. ഒരുപക്ഷെ നോട്ട്ബുക്ക് ഇന്നാണ് റിലീസ് ചെയ്യുന്നതെങ്കിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെടുമോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് സഞ്ജയ്.
ഒരു സിനിമയും കാലത്തിന് മുമ്പേ ഇറങ്ങുന്നില്ലെന്നും ആ കാലത്തെ കഥയാണ് എപ്പോഴും സിനിമയിൽ പറയാറുള്ളതെന്നുമാണ് സഞ്ജയ് പറയുന്നത്. ആദ്യ ദിനം ചിത്രം സ്വീകരിക്കപ്പെട്ടില്ലെന്നും എന്നാൽ പിന്നീട് വിജയത്തിലേക്ക് എത്തിയെന്നും നോട്ട്ബുക്കിനെ കുറിച്ച് അദ്ദേഹം പങ്കുവെച്ചു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു ഇരുവരും.
‘ഒരു സിനിമയും കാലത്തിന് മുൻപേ ഇറങ്ങി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം ആ കാലത്തിന്റെ പ്രതിഫലനം മാത്രമേ ഒരു എഴുത്തുകാരനും സംവിധായകനും പറയാൻ കഴിയുകയുള്ളൂ. ഒരുപക്ഷേ ആസ്വാദനം ആ കാലത്തിന് ശേഷമായിരിക്കും വരുന്നത്.
നോട്ട്ബുക്ക് റിലീസായ സമയത്ത് ആദ്യദിനം തന്നെ തിയേറ്ററിൽ വലിയ കൂവൽ ആയിരുന്നു. പിന്നീട് അത് വിജയത്തിലേക്ക് പോയെങ്കിലും ആദ്യ ദിവസം പ്രേക്ഷകർ സ്വീകരിക്കാത്ത ഒരു സിനിമയായിരുന്നു അത്. തിയേറ്ററിന് തൊട്ടടുത്തുള്ള ഒരു ഹോട്ടലിൽ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. ആദ്യത്തെ രണ്ട് ഷോ കഴിഞ്ഞപ്പോൾ ഞങ്ങൾ ഉറപ്പിച്ചു ഈ സിനിമ ഓടില്ല എന്ന്.
എന്നാൽ സെക്കന്റ് ഷോ കഴിഞ്ഞിറങ്ങുമ്പോൾ ഇറങ്ങി വരുന്ന ഒരുപറ്റം യുവതി യുവാക്കൾ ഹോട്ടലിന്റെ മുകളിൽ നിൽക്കുന്ന ഞങ്ങളെ കണ്ട് തിരിച്ചറിഞ്ഞപ്പോൾ കൈകൊണ്ട് തംസപ്പ് കാണിക്കുകയാണ് ചെയ്തത്,’ സഞ്ജയ് പറയുന്നു.