എല്‍.ഡി.എഫും യു.ഡി.എഫും അറിയാന്‍, ബി.ജെ.പി കടല്‍ വിറ്റുകൊണ്ടിരിക്കുകയാണ്‌
FB Notification
എല്‍.ഡി.എഫും യു.ഡി.എഫും അറിയാന്‍, ബി.ജെ.പി കടല്‍ വിറ്റുകൊണ്ടിരിക്കുകയാണ്‌
ജോസഫ് വിജയന്‍
Monday, 1st March 2021, 11:57 am

നമ്മുടെ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന യഥാര്‍ത്ഥ കടല്‍ വില്‍പ്പനയെ കുറിച്ച് നമ്മുടെ കടല്‍ കേരള ഫിഷറീസ് മന്ത്രി വിറ്റഴിക്കാന്‍ ശ്രമിച്ചു എന്ന ആരോപണമാണല്ലോ ഇപ്പോഴും വിവാദമായി നിലനിര്‍ത്താന്‍ പലരും ശ്രമിക്കുന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഷ്ട്രീയമായി ഇതിനെ ഉപയോഗപ്പെടുത്താന്‍ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ എല്‍.ഡി.എഫുകാരും കിണഞ്ഞു ശ്രമിക്കുകയാണ്. ഇതിനിടെ രാഹുല്‍ ഗാന്ധി കൊല്ലത്ത് മീന്‍പിടുത്തക്കാരുടെ ഒപ്പം കടലില്‍ ചാടിയതിന്റെയും വല വലിക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോയും പുറത്തു വന്നത് സംഗതിയാകെ കൊഴുപ്പിച്ചിരിക്കുകയാണ്.

കേരള സര്‍ക്കാര്‍ ധാരണാ പത്രങ്ങള്‍ റദ്ദാക്കുകയും ഒരു ധാരണാ പത്രം ഒപ്പിട്ട ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത ശേഷവും ഈ സംഭവം തെരഞ്ഞെടുപ്പ് നേട്ടത്തിനായി മുതലെടുക്കാന്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവായ ടി.എന്‍. പ്രതാപന്‍ എം.പി സംസ്ഥാന തലത്തില്‍ തീരദേശ യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്. അതിനെ നേരിടാനെന്നോണം സി.ഐ.ടി.യു നേതാവ് ചിത്തരഞ്ജന്റെ നേതൃത്വത്തില്‍ മറ്റൊരു തീര യാത്ര നടത്തുമെന്നും കേള്‍ക്കുന്നു.

ഇതിനിടെ ബി.ജെ.പി-യുടെ നേതൃത്വത്തിലുള്ള നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കടല്‍ സമ്പത്ത് രണ്ട് പ്രമുഖ കോര്‍പ്പറേറ്റുകള്‍ക്കായി തീറെഴുതാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുന്ന കാര്യം കോണ്‍ഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വമോ ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വമോ അറിഞ്ഞിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. കാരണം അവര്‍ അതിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതിനെ കുറിച്ച് വിശദീകരിക്കാനാണ് ഈ കുറിപ്പ്.

ഇക്കഴിഞ്ഞ ഫെബ്രുവരി 17-ന് ബ്ലൂ ഇക്കോണമി നയത്തിന്റെ കരടു രൂപം കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തി. അടുത്ത ദിവസം നമ്മുടെ മിക്ക പത്ര മാധ്യമങ്ങളും ഇതിന്റെ വാര്‍ത്ത പ്രസിദ്ധികരിച്ചു. (18ന് മാതൃഭൂമി ദിനപത്രം നല്‍കിയ വാര്‍ത്ത താഴെ വായിക്കാം.)
ഇന്ത്യയുടെ കടലും അതിലെ സമ്പത്തും ഇനി എങ്ങനെയാണ് ഉപയോഗപ്പെടുത്താന്‍ പോകുന്നത് എന്നാണ് ഈ നയ രേഖ വിശദീകരിക്കുന്നത്. (നയരേഖയുടെ കവര്‍ ചിത്രം താഴെ)

 

ഈ രേഖ വായിച്ചാല്‍, നമ്മുടെ രാജ്യത്തെ കടല്‍ മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെയും ജീവിതത്തെയും ഗുരുതരമായി ബാധിക്കാന്‍ പോകുന്ന കാര്യങ്ങളാണ് അതില്‍ എഴുതിവച്ചിരിക്കുന്നതെന്ന് കാണാനാകും.
കാലാകാലങ്ങളായി കടലിനെ ഉപയോഗിച്ചു വരുന്നത് പ്രധാനമായും രണ്ടു കൂട്ടരാണ്. ഒന്ന്, കടലിലെ മത്സ്യസമ്പത്ത് പിടിച്ചെടുക്കുന്ന മീന്‍പിടുത്തക്കാര്‍. രണ്ട്, കടലിനെ ചരക്കുകളും മറ്റും കൊണ്ടുപോകാനുള്ള ഗതാഗത മാര്‍ഗ്ഗമായി ഉപയോഗിക്കുന്നവര്‍ (കപ്പല്‍ ഗതാഗതം).

എന്നാല്‍ ഇപ്പോള്‍ കടല്‍ത്തീരങ്ങളിലും കടലിന്റെ അടിത്തട്ടിലും വിലപിടിപ്പുള്ള ധാതുക്കളും, എണ്ണയും (പെട്രോളിയം) പ്രകൃതിവാതകവും ഒക്കെ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ലോകത്തെ പല ധനിക രാജ്യങ്ങളും അവ എടുക്കാന്‍  വേണ്ടിയുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇന്ത്യയും ആ വഴിക്ക് നീങ്ങാന്‍ പോകുന്നു എന്ന് ഇന്നാട്ടിലെ മാലോകരെ അറിയിക്കുന്നതാണ് ബ്ലൂ ഇക്കോണമി എന്ന പേരില്‍ ഇറക്കിയിരിക്കുന്ന ഈ രേഖ.
ബ്ലൂ ഇക്കോണമിയില്‍ മത്സ്യ മേഖല ഇനി എങ്ങനെയാണ് വികസിപ്പിക്കേണ്ടത് എന്ന കാര്യവും വിഷയമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഇതിനകം ദേശീയ സമുദ്ര മത്സ്യ നയത്തില്‍ ഏറെ പ്രതിപാദിച്ചു കഴിഞ്ഞതിനാല്‍ അതിന് വലിയ പുതുമ ഒന്നുമില്ല.

എന്നാല്‍ കടലില്‍ നിന്നുള്ള ഖനനം ആണ് ഒരു പ്രധാന വിഷയം. കൂടാതെ കടല്‍ ടൂറിസം, തീരമേഖലയിലെ വ്യവസായങ്ങള്‍, പോര്‍ട്ടുകളുടെ വികസനം എന്നിവയും ഈ നയരേഖയില്‍ പറയുന്നുണ്ട്.
മീന്‍പിടുത്തക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും ആപല്‍ക്കരമായത് തീരത്തെയും കടലിലെയും ഖനനവും പോര്‍ട്ടുകളുടെ വികസനവും കടലോരത്ത് വരാന്‍ പോകുന്ന വ്യവസായങ്ങളും അത് സൃഷ്ടിക്കാന്‍ പോകുന്ന മലിനീകരണവുമാണ്.

ഖനനത്തെ പറ്റി രേഖയില്‍ ശീര്‍ഷകമായി പറയുന്നതു പോലും തീരക്കടലിലും ആഴക്കടലിലുമുള്ള ഖനനം എന്നാണ്. (Coastal and Deepsea Mining and Energy) (പ്രസക്ത ഭാഗം കാണുക) കടലിന്റെ അടിത്തട്ടിലുള്ള നിക്കല്‍, യൂറേനിയം, കോപ്പര്‍, തോറിയം, പോളി-മെറ്റാലിക് സള്‍ഫൈഡുകള്‍, പോളിമെറ്റാലിക് മാംഗനീസ് നോഡ്യൂളുകള്‍, തീരത്തുള്ള ഇല്‍മനൈറ്റ്, ഗാമെറ്റ്, സിര്‍ക്കോണ്‍ എന്നിവ ഇന്‍ഡ്യയുടെ കടലിന്റെ അടിത്തട്ടില്‍ സുലഭമായി ലഭിക്കുമെന്നാണ് ഈ നയരേഖയില്‍ പറയുന്നത്.


നിലവിലുള്ള തീരപരിപാലന നിയമത്തിലെ (CRZ)  വ്യവസ്ഥകള്‍ അറ്റോമിക് ധാതുക്കള്‍ ഒഴികെ (നമ്മുടെ ആലപ്പാട് നടക്കുന്നത്) മറ്റ് ഖനനങ്ങള്‍ നടത്തുന്നതിന് തടസ്സമാണെന്നും അതുകൊണ്ട് ഉചിതമായി തിരുത്തേണ്ടി വരുമെന്നും രേഖ പറയുന്നു. (ബ്ലൂ ഇക്കോണമി രേഖയിലെ ഈ പ്രസക്ത ഭാഗം താഴെ ചേര്‍ക്കുന്നു)

നിലവിലുള്ള തീരപരിപാലന നിയമത്തില്‍ തീരത്തു നിന്നും 12 മൈല്‍ ദുരം വരെയുള്ള കടല്‍ മേഖലയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രേഖയില്‍ നിന്നും വ്യക്തമാകുന്നത്, ഈ തീരക്കടലിലെ ധാതുക്കളും ഖനനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നാണ്. ഈ തീരക്കടല്‍ തന്നെയാണ് നമ്മുടെ മത്സ്യസമ്പത്തിന്റെ നിലനില്‍പ്പിന് ഏറ്റവും പ്രധാനം എന്നത് നമ്മള്‍ മനസ്സിലാക്കണം. നമ്മുടെ കടലിന്റെ അടിത്തട്ട് എന്നു പറയുന്നത് മത്സ്യ സമ്പത്തിന്റെ ആവാസ വ്യവസ്ഥകള്‍ കൂടിയാണെന്ന കാര്യം ഓര്‍മ്മിക്കുക. തീരക്കടലില്‍ പ്രത്യേകിച്ചും, ആഴക്കടലിലും വ്യാപകമായ ഖനനം നടന്നാല്‍ അത് മത്സ്യസമ്പത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നത് ഉറപ്പാണ്.

ഈ ബ്ലൂ ഇക്കോണമി നയരേഖ വരുന്നതിന് മുമ്പു തന്നെ ആന്ധ്രാ പ്രദേശ് തീരത്തെ കൃഷ്ണാ-ഗോദാവരി ബേസിനില്‍ റിലയന്‍സ് ഗ്രൂപ്പ് (അംബാനി) എണ്ണയും പ്രകൃതി വാതകവും ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. (അവിടെ എതിര്‍പ്പുകളും കോടതി കേസുകളും ഉണ്ടായി) ഇപ്പോള്‍ രാജ്യത്തെ കടലോരമാകെ വ്യാപകമായി ധാതുക്കളുടെയും എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഖനനം നടത്താന്‍ ഈ ബ്ലൂ ഇക്കോണമിയിലൂടെ വഴി തുറക്കുകയാണ്.
നമ്മുടെ രാജ്യത്ത് രണ്ട് പ്രധാന കോര്‍പ്പറേറ്റുകള്‍ക്കായി ഈ കടല്‍ സമ്പത്ത് വീതം വയ്ക്കാനുള്ള ഒരുക്കമാണ് യഥാര്‍ത്ഥത്തില്‍ ബ്ലൂ ഇക്കോണമിയിലൂടെ നടന്നുകൊണ്ടിരിക്കുന്നത്.

എണ്ണ, പ്രകൃതി വാതകങ്ങള്‍ (പെട്രോളിയം) എന്നിവ അംബാനി ഗ്രൂപ്പിനും, ധാതു സമ്പത്തിന്റെ ഖനനം അദാനിക്കുമായാണ് വീതംവയ്പ് നടത്താന്‍ പോകുന്നത്. അദാനി ആസ്‌ട്രേലിയയില്‍ കടലില്‍ നിന്നും കല്‍ക്കരി ഖനനം ചെയ്യാനുള്ള വലിയൊരു പദ്ധതി തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ആസ്‌ട്രേലിയയില്‍ നടക്കുന്നുമുണ്ട്. ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ നാശം ഈ ഖനനത്തിലൂടെ സംഭവിക്കുമെന്ന് ലോകമൊട്ടാകെ പരിസ്ഥിതി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ആഗോള ബാങ്കുകള്‍ അദാനിയുടെ ഖനന പദ്ധതിക്ക് വായ്പ നിഷേധിച്ചതോടെ നമ്മുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിന്നാണ് അദാനി ഇതിനുള്ള വായ്പ തേടിയിട്ടുള്ളത്.

നമ്മുടെ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് കടല്‍ തീറെഴുതാന്‍ വേണ്ടി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകൗണ്‍സില്‍ ( Economic Advisory Council) തയ്യാറാക്കിയ ഈ ബ്ലൂ ഇക്കോണമി പദ്ധതിയുടെ കരട് നയ രേഖയിന്മേല്‍ പൊതുജനങ്ങള്‍ക്ക് ഇ-മെയില്‍ വഴി അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. കേന്ദ്ര ഭൌമശാസ്ത്ര മന്ത്രാലയമാണ് (Ministry of Earth Sciences) ഈ ഫെബ്രുവരി 17-ന് പൊതുജനങ്ങളുടെ അഭിപ്രായം തേടി പത്ത് ദിവസത്തിനകം അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ടത്. ഈ സുപ്രധാന കാര്യത്തില്‍, അതും ഇംഗ്ലീഷില്‍ മാത്രമുള്ള രേഖയില്‍, അഭിപ്രായം പറയാന്‍ 10 ദിവസം മാത്രം സമയം നല്‍കിയതും ദുരൂഹമാണ്.

കടലില്‍ ചാടിയ ദേശീയ നേതാവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും, കരയിലിരുന്ന് ആഴക്കടല്‍ വിദേശകമ്പനിക്ക് വിറ്റെന്ന പേരില്‍ ആരോപണം നേരിടുന്ന സംസ്ഥാന മന്ത്രിയും, അവരുടെ പാര്‍ട്ടിയും ഈ ബ്ലൂ ഇക്കോണമി നയരേഖയെ കുറിച്ച് ഇതുവരെ പ്രതികരിച്ചതായി എനിക്ക് തോന്നുന്നില്ല.

കേരളത്തിലെ തീരദേശത്തു നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ പോലും ഈ നയരേഖ വായിച്ചു നോക്കി അഭിപ്രായം അറിയിച്ചെന്ന് ഞാന്‍ കരുതുന്നില്ല. ഇതൊക്കെ വായിച്ചു മനസ്സിലാക്കാന്‍ കഴിവുള്ള തിരുവനന്തപുരം എം.പി-യായ വിശ്വ പൌരനും ഇതൊക്കെ വായിച്ചോ എന്നറിയില്ല. അദ്ദേഹത്തിന് അദാനിയോട് ഇഷ്ടക്കൂടുതല്‍ ഉള്ള കാര്യം പരസ്യമായ രഹസ്യമാണ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുത്തതിനെ പരസ്യമായി സ്വാഗതം ചെയ്ത അദ്ദേഹം വിഴിഞ്ഞം വാണിജ്യ തുറമുഖം അദാനിക്ക് നല്‍കുന്നതിലും വലിയ ഇടപെടലുകള്‍ നടത്തിയിരുന്നു എന്ന കാര്യം എനിക്ക് ബോധ്യമുള്ളതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എനിക്ക് അല്‍പ്പമെങ്കിലും പ്രതീക്ഷയുള്ളത് ഡോ. ജയറാം രമേശിലാണ്. മാത്രമല്ല, കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയും ഈയടുത്ത കാലത്ത് പലപ്പോഴും ”മോഡി ഭരിക്കുന്നത് അദാനിക്കും അംബാനിക്കും വേണ്ടി”യാണെന്ന് പ്രസ്താവിച്ചിട്ടുമുണ്ട്. മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ആത്മാര്‍ത്ഥത ഉള്ളതാണെന്ന് ബോധ്യപ്പെടണമെങ്കില്‍ അദാനിക്കും അംബാനിക്കുമായി നമ്മുടെ കടല്‍ തീറെഴുതാനുള്ള ഈ ബ്ലൂ ഇക്കോണമി നയരേഖക്കെതിരെ പരസ്യമായി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറാകണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Blue economy policy move to sell the sea facebook post by joseph vijayan