Entertainment
അദ്ദേഹം കാഴ്ച കണ്ട് വിളിച്ചിട്ട് 'കവിളൊന്ന് കാണിക്ക്, ഞാനൊരു ഉമ്മ തരട്ടെ'യെന്ന് പറഞ്ഞു: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 10, 09:39 am
Monday, 10th March 2025, 3:09 pm

കുറഞ്ഞ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറിയ വ്യക്തിയാണ് ബ്ലെസി. മമ്മൂട്ടിയെ നായകനാക്കി 2004ല്‍ പുറത്തിറങ്ങിയ കാഴ്ച എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്.

ശേഷം തന്മാത്ര, പളുങ്ക്, ഭ്രമരം, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങളെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. കാഴ്ച സിനിമയെ കുറിച്ച് പറയുകയാണ് ബ്ലെസി.

സിനിമ ഇറങ്ങിയ ആദ്യ ദിവസം തന്നെ സംവിധായകന്‍ വി.എം. വിനു തന്നെ വിളിച്ചിരുന്നു എന്നാണ് ബ്ലെസി പറയുന്നത്. ക്ലൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കാഴ്ച ഇറങ്ങുന്ന ദിവസം ഞാന്‍ കുടുംബവുമായിട്ട് പരിമല പള്ളിയില്‍ ഇരിക്കുകയായിരുന്നു. അവിടെയിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. കാരണം 18 വര്‍ഷക്കാലം ഒരു ജോലിക്ക് വേണ്ടി കാത്തിരുന്ന് പലതും ചെയ്തിട്ടുണ്ട് ഞാന്‍.

പക്ഷെ ആ ദിവസം തൊട്ട് സിനിമയായിരുന്നു എന്റെ ഉപജീവനം. അതിന് മുമ്പ് എനിക്ക് ഒരു സംവിധായകനാകാനുള്ള കഷ്ടപ്പാടുകളായിരുന്നു. പക്ഷെ ആ ദിവസം മുതല്‍ ഞാനൊരു സംവിധായകനായി മാറി.

പിന്നീട് എനിക്ക് ജീവിക്കണമെങ്കില്‍ അല്ലെങ്കില്‍ സിനിമ തൊഴിലാക്കണമെങ്കില്‍ കാഴ്ചയുടെ വിജയം ആവശ്യമായിരുന്നു. പിന്നെ ഞാന്‍ വലിയൊരു വിജയമാകും എന്ന് കരുതിയെടുത്ത സിനിമയായിരുന്നില്ല കാഴ്ച. അന്ന് ഒരു കോടിയില്‍ താഴെ ബജറ്റില്‍ വന്ന സിനിമയായിരുന്നു അത്.

കാഴ്ചയുടെ ആദ്യ ദിവസം പരിമല പള്ളിയില്‍ നിന്ന് എടത്വാ പള്ളിയിലും പോയി.പിന്നെ ഭക്ഷണമൊക്കെ കഴിച്ച് തിരിച്ചു മടങ്ങുമ്പോഴാണ് സംവിധായകന്‍ വി.എം. വിനു കോഴിക്കോട് നിന്ന് എന്നെ വിളിക്കുന്നത്. എന്റെ നമ്പര്‍ കിട്ടാന്‍ ഞാന്‍ അന്ന് അങ്ങനെയാരും അല്ലല്ലോ.

എങ്കിലും വിനു വിളിക്കുന്നതിന് മുമ്പ് ഇടക്ക് എന്നെ ചിലര് വിളിച്ചിരുന്നു. പക്ഷെ അതിനെ വലിയ ഗൗരവമായിട്ട് എടുത്തില്ല. അന്ന് വിനു എന്നെ വിളിച്ചിട്ട് പറഞ്ഞത് ‘നിന്റെ കവിളൊന്ന് കാണിക്ക്. ഞാനൊരു ഉമ്മ തരട്ടെ’യെന്ന് പറഞ്ഞു. 20 വര്‍ഷമായിട്ടും ഞാന്‍ ആ കാര്യം ഇന്നും ഓര്‍ക്കുന്നു,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy Talks About How Director VM Vinu Called Him After Watching His Film Kazhacha