ആളുകൾ സന്തോഷം കൊണ്ട് പറയുകയാണ്, അത് നേടാനുള്ള അവസ്ഥ എനിക്കും എന്റെ സിനിമയ്ക്കുമുണ്ടോ: ബ്ലെസി
Entertainment
ആളുകൾ സന്തോഷം കൊണ്ട് പറയുകയാണ്, അത് നേടാനുള്ള അവസ്ഥ എനിക്കും എന്റെ സിനിമയ്ക്കുമുണ്ടോ: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th April 2024, 9:09 am

മലയാളികൾ ഏവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം.

തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.

എന്നും മികച്ച സിനിമകൾ മാത്രം സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ബ്ലെസി. കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിച്ച ബ്ലെസി തന്മാത്ര, പളുങ്ക്, ഭ്രമരം തുടങ്ങി മികച്ച സിനിമകൾ മലയാളത്തിന് നൽകിയിട്ടുണ്ട്.

ആടുജീവിതത്തിന്റെ റിലീസിന് പിന്നാലെ പ്രേക്ഷകർ ഒന്നടങ്കം പറയുന്ന ഒരു കാര്യമുണ്ട് ആടുജീവിതത്തിന് ഓസ്കാർ ലഭിക്കുമെന്ന്. ഇതിനോട് പ്രതികരിക്കുകയാണ് ബ്ലെസി. എല്ലാവരും ഒരു സന്തോഷം കാരണമാണ് അങ്ങനെ പറയുന്നതെന്നും ഓസ്കാർ നേടുകയെന്നത് വലിയൊരു പ്രൊസസാണെന്നും ബ്ലെസി പറയുന്നു.

അതിന് വേണ്ടി ശ്രമിക്കാൻ കഴിയുമോ എന്ന് തനിക്ക് അറിയില്ലെന്നും അത് നേടാനുള്ള അവസ്ഥ തനിക്കും തന്റെ സിനിമക്കുമുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു ബ്ലെസി.

‘എല്ലാവരുടെയും ഒരു സന്തോഷം കാരണം പറയുന്നതായിട്ടേ എനിക്കതിനെ തോന്നിയിട്ടുള്ളൂ. ഏറ്റവും വലുത് എന്ന രീതിയിൽ അങ്ങനെയൊരു സന്തോഷം പറയുന്നതാണ്. നമുക്കറിയാം ഇപ്പോഴത്തെ കാലത്ത് ഒരു ഓസ്കാർ കിട്ടുകയെന്നത് വലിയൊരു പ്രൊസസാണ്. നമുക്ക് അതിന് വേണ്ടി ശ്രമിക്കാൻ പറ്റുമോ എന്നുപോലും അറിയില്ല.

കാരണം ലോസ് ആഞ്ചൽസിലെ ഒരു തിയേറ്ററിൽ ഇത്രയും ഷോ നമ്മൾ നടത്തിയിരിക്കണം. ഏതാണ്ട് പതിനായിരത്തിനടുത്തുള്ള മെമ്പേഴ്‌സിനെ നമ്മൾ ഇൻഫ്ലുവൻസ് ചെയ്യണം. അവരെ സിനിമ കാണിക്കണം അവർക്ക് വലിയ പാർട്ടികൾ നടത്തണം അങ്ങനെ കോടികളുടെ ഒരു വലിയ ബിസിനസാണത്.

അതിനൊക്കെയുള്ള അവസ്ഥ നമ്മുടെ ഈ കൊച്ചു സിനിമയ്ക്കുണ്ടോ എനിക്കുണ്ടോ എന്നെനിക്ക് അറിയില്ല. അതിൽ സംശയമുണ്ട്,’ബ്ലെസി പറയുന്നു.

Content Highlight: Blessy Talk About Oscar Award