കാലഘട്ടത്തിനുണ്ടാകുന്ന മാറ്റം കൃത്യമായി മനസിലാക്കാന്‍ കഴിയുന്ന നടനാണ് മമ്മൂട്ടി: ബ്ലെസി
Entertainment
കാലഘട്ടത്തിനുണ്ടാകുന്ന മാറ്റം കൃത്യമായി മനസിലാക്കാന്‍ കഴിയുന്ന നടനാണ് മമ്മൂട്ടി: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th December 2024, 5:31 pm

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് ബ്ലെസി. പദ്മരാജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തൂവാനത്തുമ്പികളില്‍ സംവിധാനസഹായിയായാണ് ബ്ലെസി തന്റെ സിനിമാജീവിതം ആരംഭിച്ചത്. മമ്മൂട്ടിയെ നായകനാക്കി 2004ല്‍ റിലീസായ കാഴ്ചയിലൂടെ സ്വതന്ത്രസംവിധായകനായി മാറി. 20 വര്‍ഷത്തെ കരിയറില്‍ വെറും എട്ട് സിനിമകള്‍ മാത്രമേ ബ്ലെസി ചെയ്തിട്ടുള്ളൂ. മൂന്ന് തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ബ്ലെസി നേടി.

താനടക്കം ഒരുപാട് പുതുമുഖ സംവിധായകര്‍ക്ക് അവസരം കൊടുത്ത നടനാണ് മമ്മൂട്ടിയെന്ന് പറയുകയാണ് ബ്ലെസി. താനൊരു സംവിധായകനും എഴുത്തുകാരനാകാനും കാരണം മമ്മൂട്ടിയാണെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. കാലഘട്ടത്തിനുണ്ടാകുന്ന മാറ്റം കൃത്യമായി മനസിലാക്കാനും അതിനനുസരിച്ച് നിലനില്‍ക്കാനും മമ്മൂട്ടിക്ക് കഴിയുമെന്ന് ബ്ലെസി പറഞ്ഞു. താനിങ്ങനെയാണ് എന്ന ചിന്തയില്‍ മാറിനില്‍ക്കുന്നയാളല്ല മമ്മൂട്ടിയെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി ചെയ്യുന്നതുകണ്ടാണ് പല നടന്മാരും പുതിയ തലമുറയുടെ കൂടെ ചേര്‍ന്ന് വര്‍ക്ക് ചെയ്യാന്‍ താത്പര്യപ്പെടുന്നതിന് കാരണമെന്ന് താന്‍ വിശ്വസിക്കുന്നതെന്നും ബ്ലെസി പറഞ്ഞു. ഇന്ന് എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും അതേ സ്വഭാവമുള്ളതുകൊണ്ടാണ് പുതിയ സംവിധായകരുമായി കൈകോര്‍ക്കാന്‍ കാരണമെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി.വിയോട് സംസാരിക്കുകയായിരുന്നു ബ്ലെസി.

blessy and mammootty

‘ഞാനടക്കം ഒരുപാട് പുതിയ സംവിധായകരെ കൊണ്ടുവന്നത് മമ്മൂക്കയാണ്. ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയില്‍ അദ്ദേഹമായിരുന്നു നായകന്‍. അത് മാത്രമല്ല, ഞാനൊരു എഴുത്തുകാരനാകുന്നതിലും അദ്ദേഹത്തിന്റെ പ്രേരണ നല്ല രീതിയില്‍ ഉണ്ടായിട്ടുണ്ട്. കാലഘട്ടത്തിനുണ്ടാകുന്ന മാറ്റം കൃത്യമായി മനസിലാക്കാന്‍ കഴിയുന്ന നടനാണ് അദ്ദേഹം. അല്ലാതെ, എല്ലാവരും മാറുമ്പോള്‍ തനിക്ക് അതിന് സാധിക്കില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുന്നയാളല്ല മമ്മൂക്ക.

മമ്മൂക്കയുടെ ഈ സ്വഭാവം പല പുതിയ നടന്മാരെയും ചെറുതായിട്ടെങ്കിലും സ്വാധീനിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം ചെയ്യുന്നത് കണ്ട് പുതിയ തലമുറയുടെ കൂടെ ചേര്‍ന്ന് വര്‍ക്ക് ചെയ്യാന്‍ പലരും താത്പര്യപ്പെടുന്നതായി തോന്നിയിട്ടുണ്ട്. അതെല്ലാം വളരെ നല്ലൊരു മാറ്റമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy says that Mammootty influenced him to become a writer and director