പെണ്‍കുട്ടിയുടെ നഗ്ന വീഡിയോയുടെ പേരില്‍ ബ്ലാക്ക് മെയിലിങ്; പൊലീസിനും വിദ്യാര്‍ഥികള്‍ക്കും സൈബര്‍ സുരക്ഷാ ക്ലാസെടുക്കുന്ന യുവാവ് അറസ്റ്റില്‍
Kerala
പെണ്‍കുട്ടിയുടെ നഗ്ന വീഡിയോയുടെ പേരില്‍ ബ്ലാക്ക് മെയിലിങ്; പൊലീസിനും വിദ്യാര്‍ഥികള്‍ക്കും സൈബര്‍ സുരക്ഷാ ക്ലാസെടുക്കുന്ന യുവാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th January 2021, 11:02 am

കോട്ടയം: യുവാവിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റിലായി. തിരുവാതുക്കല്‍ വേളൂര്‍ തൈപ്പറമ്പില്‍ ടി എസ് അരുണ്‍ (29), തിരുവാര്‍പ്പ് കിളിരൂര്‍ ചെറിയ കാരയ്ക്കല്‍ ഹരികൃഷ്ണന്‍ (23), പുത്തന്‍പുരയ്ക്കല്‍ അഭിജിത്ത് (21), തിരുവാര്‍പ്പ് മഞ്ഞപ്പള്ളിയില്‍ ഗോകുല്‍ (20) എന്നിവരാണ് പിടിയിലായത്.

അറസ്റ്റിലായ അരുണ്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൈബര്‍ സുരക്ഷാ ക്ലാസുകള്‍ എടുക്കുന്ന ആളാണ്. താഴത്തങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്.

സമൂഹമാധ്യമങ്ങളില്‍നിന്നു പരാതിക്കാരനായ യുവാവിന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി സംഘം 5 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി യുവാവ് വിഡിയോ ചാറ്റ് നടത്തിയിരുന്നു. ഇതില്‍ യുവതിയുടെ മുഖം കാണിക്കാതെയുള്ള നഗ്‌നവിഡിയോയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഈ വിഡിയോ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും പണം നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു. ഭീഷണി കോളുകള്‍ വന്നുതുടങ്ങിയതോടെയാണ് യുവാവ് പൊലീസില്‍ പരാതി നല്‍കുന്നത്.

തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം യുവാവ് സംഘവുമായി സംസാരിക്കുകയും രണ്ടു ലക്ഷം നേരിട്ടു കൈമാറാമെന്ന് അറിയിക്കുകയുമായിരുന്നു. യുവാവ് പറഞ്ഞതനുസരിച്ച് പണം വാങ്ങാന്‍ സംഘം എത്തിയപ്പോള്‍ ഡി.വൈ.എസ്.പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Blackmailing with Nude Photo Youth Arrested