മോദിയെ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം കാണുമ്പോള്‍ ബി.ജെ.പി വനിതാ നേതാക്കള്‍ക്ക് ഭയം; മായാവതി
D' Election 2019
മോദിയെ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം കാണുമ്പോള്‍ ബി.ജെ.പി വനിതാ നേതാക്കള്‍ക്ക് ഭയം; മായാവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th May 2019, 11:27 am

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനത്തോടടുക്കെ രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വാക്ക്‌പോര് മുറുകുന്നു. നരേന്ദ്ര മോദിയോടൊപ്പം തങ്ങളുടെ ഭര്‍ത്താക്കന്മാരെ കാണുമ്പോള്‍ ബി.ജെ.പിയിലെ വനിതാ നേതാക്കള്‍ക്ക് ആശങ്കയാണെന്ന് ബി.എസ്.പി നേതാവ് മായാവതി. മോദിയെ പോലെ അവരും തങ്ങളെ ഉപേക്ഷിക്കുമോയെന്ന് അവര്‍ ആശങ്കപ്പെടുന്നതായും മായാവതി പരിഹസിച്ചു.

‘ബി.ജെ.പിയില്‍ വിവാഹിതരായ വനിതാ നേതാക്കള്‍ക്ക് മോദിയോടൊപ്പം തങ്ങളുടെ ഭര്‍ത്താക്കന്മാരെ കാണുമ്പോള്‍ ഭയമാണ്. മോദി അവരെ തങ്ങളുടെ ഭര്‍ത്താക്കന്മാരില്‍ നിന്ന് അകറ്റുമോയെന്നാണ് അവരുടെ ആശങ്ക’- മായാവതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാജസ്ഥാനിലെ ആള്‍വാറില്‍ ദളിത് സ്ത്രീക്ക് നേരെ കൂട്ട ലൈംഗിക ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ മോദിയും മായാവതിയും തമ്മിലുണ്ടായ വാക്‌പോര് മുറുകിയ സാഹചര്യത്തിലാണ് മായാവതിയുടെ പുതിയ പരാമര്‍ശം. മോദി സ്ത്രീകളെ ബഹുമാനിക്കാത്തയാളാണെന്നും, സംഭവത്തില്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.

ആള്‍വാര്‍ സംഭവത്തിന് ശേഷവും രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിന് പിന്തുണ പിന്‍വലിക്കാതെ മായാവതി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നായിരുന്നു മോദിയുടെ പ്രസ്താവന. ആള്‍വാറിലെ സംഭവം കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മറച്ചു വെക്കുകയായിരുന്നെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

എന്നാല്‍ തങ്ങള്‍ കൃത്യമായ രാഷ്ട്രീയ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും, രോഹിത് വെമുലയുടെ മരണത്തിലും, ഉന സംഭവത്തിലും, മോദി ഭരണത്തിന് കീഴില്‍ ദളിതര്‍ക്കെതിരെ നടന്ന മറ്റ് ആക്രമണങ്ങളിലും ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്നായിരുന്നു മായാവതിയുടെ മറുപടി.