ചെന്നൈ: ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ പെട്രോളിന് വില കുറവാണെന്നും മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വില കൂടുതലെന്നും കാണിച്ചുള്ള ബി.ജെ.പി നേതാവിന്റെ വാദം പൊളിച്ച് ആള്‍ട്ട് ന്യൂസ്. ചില സംസ്ഥാനങ്ങളിലെ വിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ വിവരങ്ങളാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്നും ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്നും കണക്കുകള്‍ നിരത്തിക്കൊണ്ട് ആള്‍ട്ട് ന്യൂസ് വ്യക്തമാക്കുന്നു.
ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ പെട്രോള്‍ വിലയുടെ കണക്കുകള്‍ നിരത്തി തമിഴ്‌നാട് ബി.ജെ.പി വക്താവ് എസ്.ജി സൂര്യ രംഗത്തെത്തിയത്. ബി.ജെ.പി അധികാരത്തിലുള്ള ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 87 രൂപയേക്കാള്‍ കുറവാണ് പെട്രോളിന്റെ വിലയെന്നാണ് ഈ ട്വീറ്റില്‍ പറയുന്നത്. മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 90 ന് മുകളിലാണ് പെട്രോള്‍ വിലയെന്നും പറയുന്നു.
‘ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് പെട്രോളിന്റെ വില ഏറ്റവും കുറഞ്ഞിരിക്കുന്നത്. ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി ഭരിക്കുന്ന മഹാരാഷ്ട്രയിലാണ് പെട്രോള്‍ വില ഏറ്റവും കൂടുതല്‍,’ സൂര്യയുടെ ട്വീറ്റില്‍ പറയുന്നു.
എന്നാല്‍ രണ്ട് തിരിമറികളാണ് ബി.ജെ.പി ഈ കണക്കുകളില്‍ നടത്തിയിട്ടുള്ളത്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും കര്‍ണാടകയിലും പെട്രോളിന്റെ വില 90 രൂപക്കും മുകളിലാണ്. ഈ രണ്ട് സംസ്ഥാനങ്ങളും പട്ടികയിലില്ല. 93 രൂപക്ക് മുകളില്‍ പെട്രോള്‍ വിലയെത്തിയ ബി.ജെ.പി -നാഷ്ണല്‍ പീപ്പിള്‍ പാര്‍ട്ടി സഖ്യം ഭരിക്കുന്ന മണിപ്പൂരിനെയും ഉള്‍പ്പെടുത്തിയിട്ടില്ല.
Petrol prices are cheapest of the lot in #BJP ruled states only! Maharashtra has highest price ruled by Shiv Sena, Congress & NCP.. https://t.co/9eyQ1VD6Zy pic.twitter.com/EDRF80hKgU
— SG Suryah (@SuryahSG) February 25, 2021
മാത്രമല്ല, ബി.ജെ.പി സഖ്യകക്ഷിയായ മുന്നണികള്‍ ഭരിക്കുന്ന നാഗാലാന്റ്, ബീഹാര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളെ ബി.ജെ.പി-ഇതര സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ പെട്രാള്‍ വില കൂടുതലാണെന്നും അത് ബി.ജെ.പി അധികാരത്തില്‍ വരാത്തതുകൊണ്ടാണെന്ന് പരോക്ഷമായി വാദിക്കുകയും ചെയ്യുന്നു.
ഈ വാദങ്ങള്‍ പൊളിക്കുന്ന ആള്‍ട്ട് ന്യൂസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തുന്നത്. വില വര്‍ധിപ്പിക്കുന്നത് കൂടാതെ ജനങ്ങളെ കള്ളക്കണക്ക് നിരത്തി പറ്റിക്കാന്‍ കൂടി നില്‍ക്കണോയെന്നാണ് പലരും ട്വിറ്ററില്‍ ചോദിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: BJP tweets false Petrol Price, Alt News comes up with real data