ന്യൂദല്‍ഹി: 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സല്‍ എന്ന തരത്തില്‍ പരിഗണിക്കപ്പെട്ട നാല് നിര്‍ണായക ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്തും ബി.ജെ.പിക്ക് കനത്ത തിരിച്ചടി.
ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ യു.പിയിലെ കൈരാനയിലാണ് കനത്ത തിരിച്ചടി നേരിട്ടത്. കൈരാനയില്‍ 10000ത്തിലേറെ വോട്ടുകള്‍ക്കാണ് ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി തബസും ഹസന്‍ മുന്നിട്ടുനില്‍ക്കുന്നത്.
മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ടിയയിലും ബി.ജെ.പി പിന്നിലാണ്. ഇവിടെ എന്‍.സി.പി സ്ഥാനാര്‍ത്ഥി കുകഡെ മധുക് റാവു യശ്വന്ത്‌റാവുവാണ് മുന്നിട്ടു നില്‍ക്കുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി എന്‍.സി.പിയില്‍ നിന്നും പിടിച്ചെടുത്ത മണ്ഡലമായിരുന്നു ഇത്. ബി.ജെ.പി നേതാവായിരുന്ന നാന പടോളാണ് ഇവിടെ വിജയിച്ചിരുന്നത്.
Also Read:പഞ്ചാബിലെ ഷാകോടിലും കോണ്‍ഗ്രസിന് ശക്തമായ ലീഡ്
പടോള്‍ എം.പി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. അദ്ദേഹം ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
ഉപതെരഞ്ഞെടുപ്പു നടക്കുന്ന നാഗാലാന്റിലെ ഏക ലോക്‌സഭാ സീറ്റില്‍ എന്‍.പി.എഫാണ് മുന്നേറ്റം കാഴ്ചവെക്കുന്നത്.
മഹാരാഷ്ട്രയിലെ പാര്‍ഘര്‍ മണ്ഡലത്തില്‍ മാത്രമാണ് ബി.ജെ.പി മുന്നേറുന്നത്. ബി.ജെ.പി എം.പി ചിന്താമണ്‍ വാംഗയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഗവിത് രാജേന്ദ്ര ധേട്യയാണ് ഇവിടെ മുന്നിട്ടുനില്‍ക്കുന്നത്.