Loksabha Election Result 2024
പള്ളി പൊളിച്ച് അമ്പലം പണിതിട്ടും അയോധ്യയില്‍ ബി.ജെ.പി തോല്‍വിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 04, 11:02 am
Tuesday, 4th June 2024, 4:32 pm

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രം ഉള്‍പ്പെട്ട ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ബി.ജെ.പി പരാജയത്തിലേക്ക്. രാമക്ഷേത്രം സഫലമാക്കുക എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി 2019ല്‍ അധികാരമേറ്റ ബി.ജെ.പിക്ക് പക്ഷെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായിട്ടും മണ്ഡലത്തില്‍ രക്ഷനേടാനിയില്ല.

ബി.ജെ.പിയുടെ ലല്ലു സിങ് ഇപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയുടെ അവധേഷ് പ്രസാദിനെക്കാള്‍ പിന്നിലാണ്. 45121 വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ എസ്.പി സ്ഥാനാര്‍ത്ഥി അവധേഷ് പ്രസാദ് ലീഡ് ചെയ്യുന്നത്.

യു.പിയില്‍ വലിയ തിരിച്ചടിയാണ് ഇത്തവണ ബി.ജെ.പിക്ക് ലഭിച്ചത്. യു.പിയിലെ 80 ലോക്‌സഭാ സീറ്റുകളില്‍ ഇന്ത്യാ മുന്നണി ആകെ 42 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അതേസമയം, ബി.ജെ.പിക്ക് 36 സീറ്റുകളില്‍ മാത്രമേ യു.പിയില്‍ ലീഡുള്ളൂ.

അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് മുന്നേറ്റമാണ് നടക്കുന്നത്. റായ്ബറേലിയില്‍ മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ലീഡാണ് രാഹുല്‍ ഗാന്ധിക്കുള്ളത്.

സ്മൃതി ഇറാനിയുടെ കയ്യില്‍ നിന്ന് അമേഠി മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ കിഷോരി ലാലിന് ഒരുലക്ഷത്തിലധികം വോട്ടുകളുടെ ലീഡാണ് നിലവിലുള്ളത്. മണ്ഡലത്തിലെ സിറ്റിങ് എം.പി കൂടിയായ സ്മൃതി ഇറാനിയെ പിന്നിലാക്കി കൊണ്ടാണ് കോണ്‍ഗ്രസിന്റെ കുതിപ്പ്.

Content Highlight: BJP to defeat in Ayodhya