തീർത്ഥാടകർ രണ്ടാനമ്മയുടെ മക്കളാണോ?; സി.എ.എ കേസുകള്‍ പിന്‍വലിച്ചാല്‍ ശബരിമല കേസുകളും പിന്‍വലിക്കണം: കെ. സുരേന്ദ്രന്‍
Kerala News
തീർത്ഥാടകർ രണ്ടാനമ്മയുടെ മക്കളാണോ?; സി.എ.എ കേസുകള്‍ പിന്‍വലിച്ചാല്‍ ശബരിമല കേസുകളും പിന്‍വലിക്കണം: കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th March 2024, 3:17 pm

തിരുവനന്തപുരം: സി.എ.എ കേസുകള്‍ പിന്‍വലിച്ചതിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിച്ചാല്‍ ശബരിമല കേസുകളും പിന്‍വലിക്കണമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല തീര്‍ത്ഥാടകര്‍ രണ്ടാനമ്മയുടെ മക്കളാണോയെന്നും എന്തുകൊണ്ടാണ് കേസുകള്‍ പിന്‍വലിക്കാന്‍ പ്രതിപക്ഷം ശബ്ദമുയര്‍ത്താത്തതെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. പ്രതിപക്ഷത്തിന്റെ നിലപാട് പക്ഷപാതപരമാണെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കേസുകള്‍ പിന്‍വലിച്ചത് ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടലംഘനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിച്ചതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

പൊതുമുതല്‍ വരെ നശിപ്പിച്ച കേസുകളാണ് സർക്കാർ പിൻവലിച്ചിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നീക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തണമെന്നും ചട്ടലംഘനത്തില്‍ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സി.എ.എ മുസ്‌ലിങ്ങളുടെ പൗരത്വത്തെ ചോദ്യം ചെയ്യുന്ന ഒന്നാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വ്യാജ പ്രചരണമാണെന്നും കെ. സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യാജ പ്രചരണങ്ങള്‍ നടത്തരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവന നടത്തിയതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ നൃത്താധ്യാപിക സത്യഭാമ ബി.ജെ.പി അംഗമല്ലെന്നും കെ. സുരേന്ദ്രന്‍ വാദിച്ചു. താന്‍ അധ്യക്ഷന്‍ ആയിരിക്കെ സത്യഭാമ എന്ന വ്യക്തിക്ക് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സത്യഭാമ സി.പി.ഐ.എമ്മുകാരിയാണെന്നും അവര്‍ക്ക് സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി കത്ത് വരെ നല്‍കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Content Highlight: BJP state president K. surendran Against the withdrawal of CAA cases