സ്മിത മേനോന്‍, അബ്ദുള്ളക്കുട്ടി; വിവാദത്തിനും ഭിന്നതയ്ക്കുമിടെ ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗം വെള്ളിയാഴ്ച ആരംഭിക്കും
Kerala News
സ്മിത മേനോന്‍, അബ്ദുള്ളക്കുട്ടി; വിവാദത്തിനും ഭിന്നതയ്ക്കുമിടെ ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗം വെള്ളിയാഴ്ച ആരംഭിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th October 2020, 8:01 am

തിരുവനന്തപുരം: ബി.ജെ.പിയില്‍ ഭിന്നതയും വിവാദങ്ങളും പുകയുന്നതിനിടെ സംസ്ഥാന ഭാരവാഹി യോഗം അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കും. വെള്ളി- ശനി ദിവസങ്ങളില്‍ നടക്കുന്ന യോഗത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് രൂപം നല്‍കുക എന്നതാണ് പ്രധാന അജണ്ട.

അതേസമയം മഹിളാ മോര്‍ച്ചാ നേതാവ് പങ്കെടുത്ത വിവാദവും എ. പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയതും ചര്‍ച്ചയായേക്കും. ബി.ജെ.പി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന ബി.ജെ.പിയില്‍ അമര്‍ഷം തുടര്‍ന്ന് വരുന്ന ഘട്ടത്തിലാണ് ഇതും ചര്‍ച്ചയാകുക.

നേരത്തെ പുനഃസംഘടന നടത്തിയപ്പോള്‍ കേരളത്തില്‍ നിന്നും ദേശീയ ഘടകത്തിലേക്ക് എത്തുമെന്ന് കരുതിയ കുമ്മനം രാജശേഖരനെയും ശോഭാ സുരേന്ദ്രനെയും തഴഞ്ഞ് എ. പി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

മിസോറാം ഗവര്‍ണറായിരുന്ന കുമ്മനത്തിന് തിരികെ എത്തിയ ശേഷം പാര്‍ട്ടിയില്‍ പ്രത്യേകിച്ച് ഒരു പദവിയും നല്‍കിയിരുന്നില്ല. ഗവര്‍ണറായി പോയ ശ്രീധരന്‍പിള്ളയ്ക്ക് പകരം കുമ്മനത്തെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടിരുന്നു.

കുമ്മനത്തിന് ക്യാബിനറ്റ് മന്ത്രി പദവി നല്‍കണമെന്നും ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വം ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ. സുരേന്ദ്രന്‍ വന്നത് മുതല്‍ പാര്‍ട്ടിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. നേരത്തെ ശോഭാ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം ഉയര്‍ത്തികാണിച്ചിരുന്നു. എന്നാല്‍ ഇതിനെ തഴഞ്ഞാണ് മുരളീധരന്‍ പക്ഷത്തിന്റെ നേതാവ് കൂടിയായ കെ.സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.

അതേസമയം ഏഴുമാസത്തിലേറെയായി ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി പരിപാടികളില്‍ വിട്ടു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ യോഗത്തില്‍ പങ്കെടുക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരനോടൊപ്പം യുവമോര്‍ച്ചാ നേതാവ് സ്മിതാ മേനോന്‍ വിദേശത്തെ മന്ത്രിതല യോഗത്തില്‍ പങ്കെടുത്തതും നേരത്തെ വിവാദമായിരുന്നു.

സ്മിതാ മേനോന്റെ നിയമനവും ചര്‍ച്ചയായി വന്നേക്കാവുന്ന ഘട്ടത്തില്‍ കൃഷ്ണദാസ് പക്ഷം യോഗത്തില്‍ എടുക്കുന്ന നിലപാട് പ്രസക്തമാകും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP state leaders meeting will start on friday