പട്‌ന: ബീഹാറില്‍ സഖ്യകക്ഷിയായ എല്‍.ജെ.പിയുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി ബി.ജെ.പി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ജെ.പി മുന്നോട്ടുവെച്ച പ്രധാന നിര്‍ദ്ദേശങ്ങളാണ് ബി.ജെ.പി അവഗണിച്ചത്. തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തിന്റെ മുഖമായി മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉയര്‍ത്തിക്കാണിക്കരുതെന്നായിരുന്നു എല്‍.ജെ.പിയുടെ ആവശ്യം.
നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തന്നെയാവും തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുക എന്ന നയമാണ് ബി.ജെ.പി സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ബീഹാറിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് ഭൂപേന്ദ്ര യാദവും മറ്റൊരു നേതാവായ ബി.എല്‍ സന്തോഷും വീഡിയോ കോണ്‍ഫറന്‍സില്‍ സന്ദേശം കൈമാറി.
‘ബി.ജെ.പി മുന്‍ ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ബീഹാറില്‍ എന്‍.ഡി.എയെ നയിക്കുക നിതീഷ് കുമാറാണെന്ന കാര്യം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ബി.ജെ.പി ആ തീരുമാനത്തിനൊപ്പമാണ് നില്‍ക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടി നിതീഷ് ജി തന്നെ സഖ്യത്തെ തെരഞ്ഞെടുപ്പിലേക്ക് നയിക്കും’ ഭൂപേന്ദ്ര യാദവ് പറഞ്ഞു.
നിതീഷ് കുമാര്‍ തന്നെയായിരിക്കും ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ മുഖമെന്ന് അമിത് ഷാ 2019ല്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും സഖ്യകക്ഷികളും ഇക്കാര്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ തീരുമാനത്തോട് എല്‍.ജെ.പി അധ്യക്ഷന്‍ ചിരാഗ് പസ്വാന് ഭിന്നാഭിപ്രായമാണുള്ളത്. തെരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ വ്യക്തികളെ മുന്നോട്ട് വെക്കണമെന്നായിരുന്നു ചിരാഗ് ആവശ്യപ്പെട്ടിരുന്നു.
നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും അസ്വാരസ്യങ്ങളും ചിരാഗ് പല സമയങ്ങളിലായി വെളിപ്പെടുത്തിയിട്ടുമുണ്ട്. ഏറ്റവുമൊടുവില്‍ കൊവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ബീഹാറില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും അതിഥി തൊഴിലാളികള്‍ക്കുവേണ്ടിയും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ലെന്നും ചിരാഗ് പറഞ്ഞിരുന്നു.