മമതക്കെതിരായ അധിക്ഷേപ പരാമര്‍ശം; ദിലീപ് ഘോഷില്‍ നിന്ന് വിശദീകരണം തേടി ബി.ജെ.പി
India
മമതക്കെതിരായ അധിക്ഷേപ പരാമര്‍ശം; ദിലീപ് ഘോഷില്‍ നിന്ന് വിശദീകരണം തേടി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th March 2024, 10:26 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ബി.ജെ.പി നേതാവ് ദിലീപ് ഘോഷ് നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പാര്‍ട്ടി നേതൃത്വം വിശദീകരണം തേടി. വിശദീകരണം ആവശ്യപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ചൊവ്വാഴ്ച അദ്ദേഹത്തിന് നോട്ടീസ് അയച്ചു.

ദിലീപ് ഘോഷിന്റെ പരാമര്‍ശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതൃത്വത്തിന്റെ നടപടി.

മമതാ ബാനര്‍ജി എവിടെ പോയാലും ആ സംസ്ഥാനത്തിന്റെ മകളാണെന്നാണ് സ്വയം അവകാശപ്പെടുന്നത്. മമത തന്റെ അച്ഛന്‍ ആരാണെന്ന് തീരുമാനിക്കണമെന്നും എല്ലാവരുടെയും മകളാകുന്നത് നല്ലതല്ലെന്നുമാണ് ദിലീപ് ഘോഷ് പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പശ്ചിമ ബംഗാളിലെ മുന്‍ ബി.ജെ.പി അധ്യക്ഷന്റെ അധിക്ഷേപ പരാമര്‍ശം.

പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി ദിലീപ് ഘോഷിനെതിരെ ടി.എസ്.പി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുകയും ചെയ്തു.

ഘോഷിന്റെ പ്രസ്താവന മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചെന്നും അധികാര സ്ഥാനങ്ങളിലുള്ള സ്ത്രീകളോടുള്ള അനാദരവും സ്ത്രീ വിരുദ്ധതയുമാണ് ബി.ജെ.പി നേതാവിന്റെ പ്രസ്താവനയിലൂടെ കാണാന്‍ സാധിക്കുന്നതെന്നും ടി.എസ്.പി ആരോപിച്ചു.

Content Highlight: BJP Seeks Dilip Ghosh’s Clarification For “Father” Jab At Mamata Banerjee