national news
ഹൂഡയും കോണ്‍ഗ്രസും കാത്തിരിക്കേണ്ട; ഹരിയാനയില്‍ ബി.ജെ.പി-ജെ.ജെ.പി സഖ്യം
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഹരിയാനയില്‍ ബി.ജെ.പിക്കൊപ്പമെന്ന് ജെ.ജെ.പി. ചര്‍ച്ചകള്‍ക്കൊടുവില്‍ ബി.ജെ.പി-ജെ.ജെ.പി സഖ്യത്തിന് ദുഷ്യന്ത് ചൗതാല പച്ചക്കൊടി കാണിക്കുകയായിരുന്നു.
ജെ.ജെ.പിക്ക് ഹരിയാനയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. നാളെ ഗവര്‍ണറെ കാണുമെന്ന് മനോഹര്‍ലാല്‍ ഖട്ടാര്‍ അറിയിച്ചു.
ഇതോടെ ജെ.ജെ.പിയെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനുള്ള കോണ്‍ഗ്രസ് നീക്കം പാളി.
വോട്ടെണ്ണലിന് പിന്നാലെ മൂന്നാം രാഷ്ട്രീയ കക്ഷിയായി ഉയര്‍ന്നുവന്ന ജെ.ജെ.പിയുടെ പിന്തുണ ആര്‍ക്ക് എന്ന ചോദ്യമായിരുന്നു ഹരിയാന രാഷ്ട്രീയത്തെ മുള്മുനയില്നിര്ത്തിയിരുന്നത് ജെ.ജെ.പിക്കുവേണ്ടി കോണ്‍ഗ്രസും ബി.ജെ.പിയും ചരടുവലികള്‍ നടത്തിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഏത് പാര്‍ട്ടിയാണോ സംസ്ഥാനത്തെ 75 ശതമാനം യുവാക്കള്‍ക്കും തൊഴിലുറപ്പിക്കുക, അവര്‍ക്കാണ് പിന്തുണയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദുഷ്യന്ത് ചൗതാല പറഞ്ഞിരുന്നു. പ്രാദേശിക തലത്തിലെ യുവാക്കള്‍ക്ക് സ്വകാര്യ മേഖലയിലടക്കം ജോലി നല്‍കണമെന്നാണ് ജെ.ജെ.പി മുന്നോട്ടുവെക്കുന്ന ആവശ്യം. കോണ്‍ഗ്രസുമായോ ബി.ജെ.പിയുമായോ ഇതുവരെ സഖ്യത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ദുഷ്യന്ത് വ്യക്തമാക്കിയിരുന്നു
ഞങ്ങള്‍ക്ക് കിട്ടിയ വോട്ടില്‍ 56 ശതമാനവും യുവാക്കളുടെതാണ്. ഹരിയാനയില്‍ 75 ശതമാനം യുവാക്കള്‍ക്കും സ്വകാര്യ മേഖലയിലടക്കം ജോലി ഉറപ്പാക്കാമെന്ന് ഏത് പാര്‍ട്ടി സമ്മതിക്കുന്നുവോ ഞങ്ങള്‍ അവര്‍ക്കൊപ്പം നില്ക്കും. ഇത് ഞങ്ങള്‍ തുറന്നുപറയുകയാണ്’, ദുഷ്യന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് പിന്നാലെ ഹരിയാനയില്‍ കിങ്മേക്കറായി ഉയര്‍ന്നുവന്ന ജെ.ജെ.പി, തങ്ങളുടെ രാഷ്ട്രീയത്തെ ബഹുമാനിക്കുന്നവരെ പിന്തുണയ്ക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ജെ.ജെ.പി പിന്തുണയ്ക്കുക ബി.ജെ.പിയെയാകുമെന്നും പ്രഖ്യാപനം രാത്രിയുണ്ടാകുമെന്നും ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഭൂപീന്ദര്‍ ഹൂഡയുമായും മറ്റ് എം.എല്‍.എമാരുമായും കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം ജെ.ജെ.പി ക്യാമ്പില്‍ തന്നെ കോണ്‍ഗ്രസുമായി സഖ്യം വേണമെന്നും ബി.ജെ.പിയുമായി സഖ്യം വേണമെന്നുമുള്ള രണ്ടഭിപ്രായങ്ങള്‍ നേതാക്കള്‍ക്കിടയില്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
ഹരിയാനയില്‍ ബി.ജെ.പി 40 സീറ്റുകളിലും കോണ്‍ഗ്രസ് 31 സീറ്റുകളിലുമാണ് വിജയിച്ചത്.
പ്രതീക്ഷ കൈവിട്ടില്ലെന്നും സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ