ഡാനിഷ് അലിയെ അധിക്ഷേപിച്ച സംഭവം; സഭാസമിതിക്ക് വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറി രമേഷ് ബിധുരി
ന്യൂദല്‍ഹി: ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) എം.പി ഡാനിഷ് അലിയെ ലോക്‌സഭയില്‍ അധിക്ഷേപം നടത്തിയ സംഭവത്തില്‍ സഭാസമിതിക്ക് വിശദീകരണം നല്‍കാതെ ബി.ജെ.പി എം.പി രമേഷ് ബിധുരി. ഡാനിഷ് അലി ഉന്നയിച്ച പരാതിയില്‍ വിശദീകരണം നേടാന്‍ സമിതി നിശ്ചയിച്ച യോഗത്തില്‍ ബിധുരി പങ്കെടുത്തില്ല.
ലോക്സഭയില്‍ അധിക്ഷേപം വകവെക്കാതെ ബിധുരിക്കാണ് രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയിരുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തിരക്കുകള്‍ ഉണ്ടെന്ന വാദം ഉന്നയിച്ച് അദ്ദേഹം യോഗത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ ഏതെങ്കിലും പാര്‍ട്ടി ചുമതലകളുടെ പേരില്‍ സഭാസമിതിയുടെ തീരുമാനത്തില്‍ വീഴ്ചവരുത്താന്‍ പാടില്ലാത്തതാണ്.
ഡാനിഷ് അലിക്കെതിരെ അധിക്ഷേപം നടത്തിയതിന് ബിധുരിക്കെതിരായ പരാതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപം നടത്താന്‍ ബിധുരിയെ പ്രകോപിപ്പിക്കുകയായിരുന്നുവെന്ന ബി.ജെ.പി നിയമസഭാംഗം നിഷികാന്ത് ദുബെയുടെ പരാതിയും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അവകാശലംഘന സമിതിക്ക് വിടുകയായിരുന്നു. അതനുസരിച്ചാണ് സമിതി ബിധുരിയെ വിളിപ്പിച്ചത്.
ഡാനിഷ് അലിയെ അധിക്ഷേപിച്ച സംഭവത്തില്‍ നിരവധി പ്രതിപക്ഷ എം.പിമാരാണ് ബിധുരിക്കെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. രാജസ്ഥാന്‍ സ്വദേശിയായ രമേശ് ബിധുരി ഗുജ്ജര്‍ വിഭാഗക്കാരനാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിധുരിയെ സംരക്ഷിക്കുന്നതിലൂടെ ഗുജ്ജറിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
Content Highlights: BJP’s Ramesh Bidhuri skips privileges committee meeting