ബി.ജെ.പിയുടെ വര്‍ഗീയ കാര്‍ഡ് ഇനി ചെലവാകില്ല, ഉത്തര്‍പ്രദേശില്‍ എസ്.പി - ആര്‍.എല്‍.ഡി സഖ്യം അധികാരത്തിലേറും; രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചാൗധരി
2022 U.P Assembly Election
ബി.ജെ.പിയുടെ വര്‍ഗീയ കാര്‍ഡ് ഇനി ചെലവാകില്ല, ഉത്തര്‍പ്രദേശില്‍ എസ്.പി - ആര്‍.എല്‍.ഡി സഖ്യം അധികാരത്തിലേറും; രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചാൗധരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th January 2022, 5:25 pm

ലഖ്‌നൗ: ബി.ജെ.പിയുടെ വര്‍ഗീയത ഇത്തവണ ഉത്തര്‍പ്രദേശില്‍ വിലപ്പോവില്ലെന്നും, സാധാരണക്കാരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിച്ചായിരിക്കും ഇത്തവണ തെരഞ്ഞെടെുപ്പ് നടക്കുകയെന്നും രാഷ്ട്രീയ ലോക് ദള്‍ (ആര്‍.എല്‍.ഡി) നേതാവ് ജയന്ത് ചാൗധരി. ബി.ജെ.പി സ്ഥിരമായി ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രം ഇത്തവണ ഫലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയത എന്ന ഒറ്റ ഗിയറുള്ള വണ്ടിയാണ് കാലാകാലങ്ങളായി ബി.ജെ.പി ഉപയോഗിക്കുന്നതെന്നും ആ വണ്ടി ഇത്തവണ പിന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രമായ മുസ്‌ലിം വിരുദ്ധതയെ ആളുകള്‍ മനസിലാക്കിയെന്നും, ജനങ്ങള്‍ ബി.ജെ.പി മുന്നോട്ട് വെക്കുന്ന ഇത്തരം രാഷ്ട്രീയത്താല്‍ പൊറുതിമുട്ടിയെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളൊന്നും തന്നെ പരിഗണിക്കാതെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബി.ജെ.പി വീണ്ടും വര്‍ഗീയ കാര്‍ഡുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Love jihad', 'cow terror' will not work in U.P. polls, says Jayant Chaudhary  - The Hindu

താന്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജയന്ത് ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇലക്ഷനില്‍ മത്സരിക്കാതെ തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളിലടക്കം പ്രചരണം നടത്താനാണ് ഇത്തവണ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2022 ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയോടൊപ്പമാണ് ആര്‍.എല്‍.ഡി മത്സരിക്കുന്നത്.

ജനവികാരം മനസിലാക്കിയാണ് ബി.ജെ.പിയില്‍ നിന്നുമുള്ള നേതാക്കള്‍ എസ്.പി – ആര്‍.എല്‍.ഡി സഖ്യത്തില്‍ ചേരുന്നതെന്നും തങ്ങള്‍ ഇത്തവണ അധികാരത്തിലെത്തുമെന്നും ചൗധരി പറയുന്നു. അടിത്തട്ടില്‍ പാര്‍ട്ടി ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മന്ത്രിമാരടക്കമുള്ള നേതാക്കള്‍ ബി.ജെ.പി വിട്ട് എസ്.പി – ആര്‍.എല്‍.ഡി സഖ്യത്തില്‍ ചേരുന്നത് ജനങ്ങളുടെ വികാരത്തെയാണ് സൂചിപ്പിക്കുന്നത്. ഇപ്പോഴുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്,’ അദ്ദേഹം പറയുന്നു.

ഏറെ ആത്മവിശ്വാസത്തോടെയാണ് അഖിലേഷ് യാദവ് നയിക്കുന്ന സഖ്യം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. ദിനംപ്രതി തന്റെ ക്യാമ്പിന്റെ ശക്തി വര്‍ധിപ്പിച്ചാണ് അഖിലേഷ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

'RLD, SP joint rally in west UP to give message of parivartan' - Hindustan  Times

ഞായറാഴ്ച ബി.ജെ.പി വിട്ട മൂന്നാമത് മന്ത്രിയായ ധാരാ സിംഗ് ചൗഹാന്‍ ഔദ്യോഗികമായി എസ്.പിയില്‍ ചേര്‍ന്നിരുന്നു. ബി.ജെ.പിയുമായി സഖ്യത്തിലുണ്ടായിരുന്ന അപ്നാ ദള്‍ എം.എല്‍.എയായ ആര്‍.കെ വര്‍മയും എസ്.പി പാളയത്തിലെത്തിയിരുന്നു.

എന്നാല്‍, ഭീം ആര്‍മി നേതാവായ ചന്ദ്രശേഖര്‍ ആസാദ് രാവണുമായി എസ്.പി സഖ്യത്തിലെത്തുമെന്ന് തോന്നിച്ചെങ്കിലും അവസാനം അവര്‍ തെരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പാര്‍ട്ടിക്ക് ദളിതരോട് അവഗണനയാണെന്ന് പറഞ്ഞായിരുന്നു ചന്ദ്രശേഖര്‍ ആസാദ് സഖ്യത്തില്‍ നിന്നും പിന്‍മാറിയത്.

ഭീം ആര്‍മിക്ക് വേണ്ടി തന്റെ മുന്നണിയില്‍ രണ്ട് സീറ്റുകള്‍ മാറ്റിവെച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ സഖ്യം പിന്‍വലിക്കുകയുമായിരുന്നു എന്നാണ് അഖിലേഷ് പറയുന്നത്.

‘ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വേണ്ടി രണ്ട് സീറ്റുകള്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍ അദ്ദേഹം തെരഞ്ഞെടുപ്പ് സഖ്യത്തില്‍ നിന്നും പിന്മാറുകയായിരുന്നു,’ അഖിലേഷ് പറയുന്നു.

യോഗി മന്ത്രിസഭയിലെ പ്രബലനായ സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതോടെയായിരുന്നു ബി.ജെ.പിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്.

യോഗി സര്‍ക്കാര്‍ ഒ.ബി.സി വിഭാഗക്കാരെയും ദളിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചിരുന്നു. 2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബി.ജെ.പിയില്‍ ചേര്‍ന്നത്.

ഇതിന് പിന്നാലെയായിരുന്നു യോഗി മന്ത്രിസഭയില്‍ നിന്നുമുള്ള പരിസ്ഥിതി-വനംവകുപ്പ് മന്ത്രി ധാരാസിംഗ് ചൗഹാന്‍ രാജിവെച്ചത്. ചൗഹാന് പിന്നാലെ യു.പി മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രി ധരംസിംഗ് സെയ്‌നിയും പാര്‍ട്ടി വിട്ടിരുന്നു. ഇരുവരും നേരത്തെ എസ്.പിയില്‍ ചേരുകയും ചെയ്തിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് കൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത് എന്ന വിശദീകരണത്തില്‍ വിഷയം ഒതുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പിന്നാക്ക വിഭാഗത്തെ അവഗണിക്കുന്നു എന്ന ആരോപണത്തില്‍ ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

യു.പിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസാണ് ഭരണകക്ഷി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

content highlight:  BJP’s communal card not working in UP, fight is on real issues: Jayant Chaudhary