ചെന്നൈ: തിരുപ്പൂരില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജി.എസ്.ടിയെ ചോദ്യം ചെയ്ത യുവതിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. തിരുപ്പൂരിലെ ബി.ജെ.പിയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി എം.പി. മുരുകാനന്ദത്തിന്റെ പ്രചരണ പരിപാടിയിലാണ് യുവതിക്ക് നേരെ ആക്രമണം നടന്നത്.
ദ്രാവിഡര്‍ വിടുതലൈ കഴകം പ്രവര്‍ത്തക സംഗീതക്ക് നേരെയാണ് ആക്രമണം നടന്നത്. തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ബി.ജെ.പി പ്രവര്‍ത്തകരോട് ജി.എസ്.ടിയെ വിമര്‍ശിച്ച് സംഗീത ചോദ്യങ്ങള്‍ ചോദിച്ചതാണ് ആക്രമണത്തിന് കാരണം.
സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന മോദി എന്തിനാണ് സാനിറ്ററി നാപ്കിനുകള്‍ക്ക് ജി.എസ്.ടി ചുമത്തിയതെന്നും യുവതി ചോദിച്ചു. ഇതിന് പിന്നാലെയാണ് പ്രകോപിതരായ പ്രവര്‍ത്തകര്‍ അവരെ അക്രമിച്ചത്.
സംഗീത ബി.ജെ.പിയുടെ പ്രചരണം തടസപ്പെടുത്തുകയാണെന്ന് ആരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അവരെ തെറി വിളിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഗീത ബി.ജെ.പി പ്രവര്‍ത്തകരെ ചോദ്യം ചെയ്തതിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്ന മറ്റ് സ്ത്രീകളും ചോദ്യം ആവര്‍ത്തിച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlight: BJP party workers attack woman in Tiruppur for raising questions on GST