ന്യൂദല്‍ഹി: ബി.ജെ.പി വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്നും ദേശസ്‌നേഹികളുടെ പാര്‍ട്ടിയാണെന്ന അവകാശവാദവുമായി ഡി.എം.ആര്‍.സി ചെയര്‍മാന്‍ ഇ ശ്രീധരന്‍. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ബി.ജെ.പി ഒരു വര്‍ഗ്ഗീയ പാര്‍ട്ടി അല്ല. രാജ്യസ്‌നേഹികളുടെ പാര്‍ട്ടിയാണ്. എല്ലാ സമുദായങ്ങളെയും ഒരുപോലെ കാണുന്നവരാണ് ബി.ജെ.പിയിലുള്ളത്. അതാണ് മോദി സര്‍ക്കാരിന്റെ മനോഭാവം. ഇത് അദ്ദേഹത്തിന്റെ സംസാരരീതിയില്‍ നിന്ന് തന്നെ വ്യക്തമാണ്. ഒരു മതത്തെയും അദ്ദേഹം ആക്രമിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. മതത്തിന്റെ പേരില്‍ ബി.ജെ.പിയെ മാറ്റിനിര്‍ത്തുന്നത് ശരിയല്ല’, ശ്രീധരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഇ ശ്രീധരന്‍ പ്രഖ്യാപിക്കുന്നത്. ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നാണ് ശ്രീധരന്‍ പറഞ്ഞത്. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇ. ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുന്നുവെന്ന് അറിയിച്ചത്. ബി.ജെ.പിയുടെ വിജയയാത്രാ വേളയില്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താന്‍ ബി.ജെ.പിയില്‍ ചേരുന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയാകാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. വാര്‍ത്താ ഏജന്‍സിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ല. ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്’, ഇ. ശ്രീധരന്‍ പറഞ്ഞു.
ഗവര്‍ണര്‍ സ്ഥാനത്തോട് താത്പര്യമില്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ കേരളത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റുമെന്നും മത്സരിക്കാന്‍ പാലക്കാട് വേണമെന്നുമാണ് ശ്രീധരന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക