'ബി.ജെ.പി നേതാക്കള്‍ നെറ്റ്ഫ്‌ളിക്‌സ് കണ്ടും ലുഡോ കളിച്ചും വീട്ടിലിരിക്കുകയാണ്'; വിമര്‍ശനവുമായി രാഘവ് ചദ്ദ
national news
'ബി.ജെ.പി നേതാക്കള്‍ നെറ്റ്ഫ്‌ളിക്‌സ് കണ്ടും ലുഡോ കളിച്ചും വീട്ടിലിരിക്കുകയാണ്'; വിമര്‍ശനവുമായി രാഘവ് ചദ്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th May 2020, 1:00 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ ദല്‍ഹി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ ആംആദ്മി പാര്‍ട്ടി എം.എല്‍.എ രാഘവ് ചദ്ദ. വിമര്‍ശനമുന്നയിക്കുന്ന ബി.ജെ.പി നേതാക്കളാരും ജനങ്ങളെ സംരക്ഷിക്കാന്‍ എവിടെയും എത്തിയിട്ടില്ലെന്നും വീട്ടിലിരുന്ന് നെറ്റ്ഫ്‌ളിക്‌സ് കാണുന്നതിന്റെ തിരക്കിലാണ് അവരെന്നും രാഘവ് ചദ്ദ പറഞ്ഞു.

‘എ.സി റൂമുകളിലും സുരക്ഷിത കേന്ദ്രങ്ങളിലുമിരുന്ന് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുക മാത്രമാണ് ബി.ജെ.പി നേതാക്കള്‍ ചെയ്യുന്നത്. വീട്ടിലിരുന്ന് ലുഡോ കളിക്കുകയും നെറ്റ്ഫ്‌ളിക്‌സ് കാണുകയുമാണ് അവര്‍’, ചദ്ദ പറഞ്ഞു. ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ല. ഇന്ത്യയിലെ അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം ബി.ജെ.പിയാണ്. പ്രതിസന്ധി ദല്‍ഹിയില്‍ മാത്രമായി ഉണ്ടായതല്ല. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും അവര്‍ കാല്‍നടയായി യാത്ര ചെയ്യുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അവരുടെ യാത്രയെക്കുറിച്ച് ആലോചിക്കുന്നതുപോലുമില്ല. ബി.ജെ.പിയുടെ അലസ മനോഭാവമാണ് ഇവിടെ വ്യക്തമവുന്നത്. അതുകൊണ്ട് മാത്രമാണ് ഇത്രയധികം തൊഴിലാളികള്‍ ദുരിതമവുഭവിക്കേണ്ടിവന്നതെന്നും ചദ്ദ ആരോപിച്ചു.

വിദേശത്തുനിന്നും പ്രവാസികളെ തിരിച്ചെത്തിക്കാന്‍ വിമാനങ്ങള്‍ ഏര്‍പ്പാടാക്കിയ സര്‍ക്കാര്‍ എന്തുകൊണ്ടാണ് രാജ്യത്തിനുള്ളിലുള്ള തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ ബസോ ട്രെയിനോ ഏര്‍പ്പാടാക്കതെന്നും അദ്ദേഹം ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക