ബി.ജെ.പി നേതാവ് വിക്ടോറിയ ഗൗരിയുടെ ജഡ്ജി നിയമനം; സുപ്രീം കോടതി ഹരജി പരിഗണിക്കുന്നു
national news
ബി.ജെ.പി നേതാവ് വിക്ടോറിയ ഗൗരിയുടെ ജഡ്ജി നിയമനം; സുപ്രീം കോടതി ഹരജി പരിഗണിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th February 2023, 10:46 am

ന്യൂദല്‍ഹി: ബി.ജെ.പി നേതാവും ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണവുമുള്ള എല്‍.സി വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയാക്കുന്നതിനെതിരെയുള്ള ഹരജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

വിക്ടോറിയ ഗൗരിയെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയത്തിന്റെ ശിപാര്‍ശക്കെതിരെയുള്ള ഹരജി മുഖവിലക്കെടുത്തുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തിങ്കളാഴ്ച കോടതിയെ അറിയിച്ചു. പരാതി ചൊവ്വാഴ്ച തന്നെ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മഹിളാ മോര്‍ച്ച മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയെ അഡീഷണല്‍ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ച് കൊണ്ട് തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഉത്തരവ് ഇറക്കിയിരുന്നു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിക്ടോറിയ ഗൗരി വിദ്വേഷപ്രചാരണം നടത്തിയിരുന്നു. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഒരു പോലെ അപകടകാരികളാണെന്നും അതില്‍ കൂടുതല്‍ അപകടകാരികള്‍ ക്രിസ്ത്യന്‍ വിഭാഗമാണെന്നും വിക്ടോറിയ ഗൗരി പറഞ്ഞിരുന്നു. ഒരു ഹിന്ദു യുവാവ് മുസ്‌ലിം യുവതിയെ വിവാഹം ചെയ്യുന്നതില്‍ പ്രശ്‌നമില്ല എന്നും എന്നാല്‍ ഒരു ഹിന്ദു യുവതി മുസ്‌ലിം യുവാവിനെ വിവാഹം ചെയ്യുന്നതില്‍ എനിക്ക് താത്പര്യമില്ല, എന്റെ മകള്‍ മുസ്‌ലിം യുവാവിനെ വിവാഹം ചെയ്ത് സിറിയന്‍ തീവ്രവാദ ക്യാമ്പുകളിലേക്ക് പോകുന്നതിനോട് താത്പര്യമില്ല, ഇതാണ് ഞാന്‍ ലവ് ജിഹാദ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു അവരുടെ പ്രസ്താവന. ഈ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ഈ പ്രസ്താവനകളടക്കം ഉള്‍പ്പെടുത്തിക്കൊണ്ട് ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ അഡ്വ. വിക്ടോറിയ ഗൗരിയെ ജഡ്ജിയാക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ 12 അഭിഭാഷകര്‍ ഒരാഴ്ച മുമ്പ് തന്നെ ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായിരുന്നില്ല. അതിനിടയിലാണ് മഹിളാ മോര്‍ച്ച നേതാവിനെയടക്കം അഞ്ച് പേരെ നിയമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു ട്വീറ്റ് ചെയ്തത്. അത് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ കോടതിയെ അറിയിക്കുകയായിരുന്നു. അപ്പോഴാണ് കൊളീജിയം തങ്ങള്‍ക്ക് ലഭിച്ച പരാതി മുഖവിലക്കെടുത്തിട്ടുണ്ടെന്ന മറുപടി ചീഫ് ജസ്റ്റിസ് നല്‍കുന്നത്.

വിക്ടോറിയ ഗൗരിക്ക് എല്ലാ സമൂഹത്തെയും ഒരുപോലെ കാണാന്‍ സാധിക്കില്ലെന്നും പക്ഷപാതമില്ലാതെ അവര്‍ക്ക് പെരുമാറാന്‍ അറിയില്ലെന്നും അഭിഭാഷകരായ അന്ന മാത്യൂസ്, സുധ രാമലിംഗം, ഡി. നാഗശില എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലും ചൂണ്ടിക്കാട്ടുന്നു.

ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എം. എം സുന്ദരേഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് പരാതി പരിഗണിക്കുക.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയ ജഡ്ജിയുടെ നിയമനം സത്യപ്രതിജ്ഞക്ക് മുമ്പ് സുപ്രീംകോടതി റദ്ദാക്കിയ സംഭവം ഒരിക്കല്‍ മാത്രമേ രാജ്യത്തുണ്ടായിട്ടുള്ളൂ. 1992ല്‍ ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി കെ.എന്‍ ശ്രീ വാസ്തവയുടെ സത്യപ്രതിജ്ഞയായിരുന്നു അദ്ദേഹം അയോഗ്യനായിരുന്നു എന്ന് ആരോപിച്ച് റദ്ദാക്കിയത്.

content highlight: BJP leader Victoria Gowri’s appointment as a judge; The Supreme Court is considering the petition