ക്ഷേത്ര പരിസരത്ത് കെട്ടിപിടിച്ചത് തെറ്റ്, രാമായണത്തേയും സീതയേയും അപമാനിച്ചു; ആദിപുരുഷ് സംവിധായകനെതിരെ ബി.ജെ.പി നേതാവുള്‍പ്പെടെയുള്ളവര്‍
Film News
ക്ഷേത്ര പരിസരത്ത് കെട്ടിപിടിച്ചത് തെറ്റ്, രാമായണത്തേയും സീതയേയും അപമാനിച്ചു; ആദിപുരുഷ് സംവിധായകനെതിരെ ബി.ജെ.പി നേതാവുള്‍പ്പെടെയുള്ളവര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th June 2023, 12:25 pm

ആദിപുരുഷ് സിനിമയുടെ സംവിധായകന്‍ ഓം റൗട്ടിനും നായിക കൃതി സനണിനുമെതിരെ ബി.ജെ.പി നേതാവ് രമേശ് നായിഡു നഗോത്തു. തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം മടങ്ങവേ കൃതിയെ ഓം റൗട്ട് ആലിംഗനം ചെയ്ത് കവിളില്‍ ചുംബിച്ചതാണ് ബി.ജെ.പി നേതാവിനെ പ്രകോപിപ്പിച്ചത്.

ഓം റൗട്ടിന്റെ പ്രവര്‍ത്തി മര്യാദകേടും അംഗീകരിക്കാനാവാത്തുമാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ‘ഒരു പവിത്രമായ സ്ഥലത്ത് ഇത്തരം വികൃതി കാണിക്കുന്നത് അത്ര അത്യാവശ്യമാണോ? തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് മുന്നില്‍ പരസ്യമായി സ്‌നേഹ പ്രകടനം നടത്തി ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും മര്യാദകേടും അംഗീകരിക്കാന്‍ പറ്റാത്തതുമാണ്,’ രമേശ് നായിഡു നാഗോത്തു ട്വീറ്റ് ചെയ്തു. എന്നാല്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെ തന്നെ അദ്ദേഹം ഇത് പിന്‍വലിക്കുകയും ചെയ്തിരുന്നു.

ബി.ജെ.പി നേതാവിന് പുറമേ നിരവധി സംഘി പ്രൊഫൈലുകളും കൃതിക്കും ഓം റൗട്ടിനും എതിരെ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു.

‘ക്ഷേത്രപരിസരത്ത് ഇങ്ങനെ ചെയ്യരുത്. അവര്‍ മൂന്ന് വയസുള്ള കുട്ടികളല്ല. അദ്ദേഹത്തിനെതിരെ ഒരു കേസ് ഫയല്‍ ചെയ്യൂ’, ‘ഇത് അപലപനീയമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ പോലും ഒരുമിച്ച് ക്ഷേത്രത്തില്‍ പോകാറില്ല. ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യൂ, നിങ്ങളുടെ പെരുമാറ്റം രാമായണത്തേയും സീതാദേവിയേയും അപമാനിക്കുന്നതിന് തുല്യമാണ്,’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

എന്നാല്‍ സംവിധായകനെ അനുകൂലിച്ചുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ‘അതില്‍ തെറ്റൊന്നും കാണുന്നില്ല, ഇതിലെന്താണ് ഇത്ര വിവാദം. സുഹൃത്തിന്റെ കവിളില്‍ ഒരു വിടവാങ്ങല്‍ ചുംബനം, അത്രയേ ഉള്ളൂ, ചുംബനം തെറ്റാണെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയും,’ എന്നാണ് ഒരു യൂസര്‍ കുറിച്ചത്.

Content Highlight:  BJP leader Ramesh Naidu criticism on Om Raut and Kriti Sanon