തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയെത്തുടര്‍ന്ന് നടന്ന പ്രതിഷേധ സമരങ്ങളെ ‘സുവര്‍ണാവസരം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് സംസാരിച്ച സംഭവത്തില്‍ വിശദീകരണവുമായി ബി.ജെ.പി നേതാവും ഗോവ ഗവര്‍ണറുമായ പി.എസ്. ശ്രീധരന്‍ പിള്ള.
സമാധാനത്തില്‍ സമരം ചെയ്യാന്‍ ലഭിച്ച സുവര്‍ണാവസരം എന്നും ഗാന്ധിയന്‍ മോഡല്‍ സമരമെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.
വിശ്വാമിത്ര എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ An insight on sabarimala എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.
ശബരിമലയില്‍ തന്ത്രിയെ മാറ്റാന്‍ ശ്രമം നടന്നിരുന്നു. കേസെടുത്ത ശേഷം മാറ്റി നിര്‍ത്താനായിരുന്നു നീക്കം. ബ്രാഹ്മണ സമുദായത്തില്‍ പെടാത്തയാളെ തന്ത്രിയാക്കാന്‍ ശ്രമമുണ്ടായെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.
അക്രമത്തിലേക്ക് സമരം പോയത് ശരിയോ തെറ്റോ എന്നത് വേറെ വിഷയം. ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിച്ചവരെയൊക്കെ കാലം കണക്ക് പറയിപ്പിച്ചുവെന്നും ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
”ഇപ്പോള്‍ നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റി ആണ്. ശബരിമല ഒരു സമസ്യ ആണ്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാന്‍ സാധിക്കുമെന്നുള്ളത് സംബന്ധിച്ച്… നമുക്കൊരു വര വരച്ചാല്‍ വരയിലൂടെ അത് കൊണ്ടുപോകാന്‍ സാധിക്കില്ല. നമ്മുടെ കയ്യിലല്ല കാര്യങ്ങളുള്ളത്,” എന്നിങ്ങനെയായിരുന്നു 2018 നവംബറില്‍ കോഴിക്കോട് നടന്ന യുവമോര്‍ച്ച യോഗത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെ ശ്രീധരന്‍ പിള്ള പറഞ്ഞത്.
പ്രസംഗത്തിന്റെ ശബ്ദരേഖ പ്രചരിക്കുകയും ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു.
Content Highlight: BJP leader PS Sreedharan Pillai clarifies his controversial statement on sabarimala strike, says it as a golden opportunity