മലപ്പുറം: ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബാലഗോപാല്‍ രാജിവെച്ചു പോകേണ്ടി വരുമെന്ന് കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.
എത്രയും പെട്ടന്ന് ബാലഗോപാലിനെ രാജിവെപ്പിക്കുന്നതാണ് പിണറായി വിജയന് അഭികാമ്യം. വഷളാക്കി മുന്നോട്ട് കൊണ്ടുപോയാല്‍ സര്‍ക്കാരിന് ഭാവിയില്‍ വലിയ തിരിച്ചടി വരാനെ സാധ്യതയുള്ളുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ഗവര്‍ണര്‍ എടുക്കുന്ന ഒരോ തീരുമാനവും നിയമപരമായിട്ടാണ്. മന്ത്രിമാര്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഗവര്‍ണര്‍ക്കെതിരെ തെരുവില്‍ പ്രതിഷേധിക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ ആകാത്തത് കൊണ്ടാണെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്നും സ്ഥാനത്ത് നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ധനമന്ത്രിയുടെ പ്രസംഗങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണര്‍ കത്തയച്ചത്.
യു.പിയിലെ ആളുകള്‍ക്ക് കേരളത്തിലെ അവസ്ഥ അറിയില്ലെന്ന കെ.എന്‍. ബാലഗോപാലിന്റെ പരാമര്‍ശമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.
എന്നാല്‍ ഗവര്‍ണറുടെ കത്ത് മുഖ്യമന്ത്രി തള്ളി. ആരോപണത്തിന് ആധാരമായ ധനമന്ത്രിയുടെ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്നാണ് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പറഞ്ഞത്.
പ്രസംഗം ഗവര്‍ണറെയോ രാജ്ഭവന്റെയോ അന്തസിനെ ഇകഴ്ത്തിക്കാണിക്കുന്ന ഒന്നല്ല, അതുകൊണ്ട് തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകണമെന്നും മറുപടിയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലാണ് കത്തിടപാട് നടന്നത്. കത്തിന്റെ മെറിറ്റിലേക്ക് കടന്ന് പ്രതികരിക്കുന്നത് ഉചിതമല്ലെന്നും ധനമന്ത്രി പ്രതികരിച്ചു.