Daily News
ജഗല്‍പായ്പുരി കുട്ടിക്കടത്ത്; അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന നേതാവിനു പുറമേ കേന്ദ്ര നേതാക്കളും ഉള്‍പ്പെട്ടതായി മുഖ്യപ്രതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Mar 01, 06:12 am
Wednesday, 1st March 2017, 11:42 am

 

കൊല്‍ക്കത്ത: ജഗല്‍പായ്പുരി കുട്ടിക്കടത്ത് കേസില്‍ അറസ്റ്റിലായ ബി.ജെ.പി വനിതാ നേതാവ് ജൂഹി ചൗധരിക്ക് പുറമേ ഉന്നത നേതാക്കള്‍ക്കും പങ്കുണ്ടെന്ന് മുഖ്യപ്രതിയുടെ മൊഴി. കേസില്‍ കഴിഞ്ഞ ദിവസമായിരുന്നു പശ്ചിമബംഗാളിലെ ബി.ജെ.പി വനിതാ വിഭാഗം നേതാവായ ജൂഹി ചൗധരി അറസ്റ്റിലാകുന്നത്.


Also read 45 രൂപയ്ക്ക് 14 ജി.ബി 4ജി ഡാറ്റ; സൗജന്യ വോയ്‌സ് കോളുകള്‍; ജിയോയെ വെല്ലുന്ന ഓഫറുകളുമായി ഏയര്‍ടെല്‍


ബി.ജെ.പി നേതൃത്വത്തിന് തലവേദനയായ് മാറിയ കേസില്‍ പാര്‍ട്ടിയുടെ കേന്ദ്ര- സംസ്ഥാന നേതാക്കളുടെ പേരുകളും ഉള്‍പ്പെട്ടതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബി.ജെ.പി ദേശീയ സെക്രട്ടറിയായ കൈലാഷ് വിജയവര്‍ഗിയയും വനിതാ വിഭാഗം പ്രസിഡന്റ് രൂപാ ഗാംഗുലിയും കുട്ടിക്കടത്ത് മാഫിയയുമായും ജൂഹി ചൗധരിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി കേസില്‍ അറസ്റ്റിലായ ചന്ദന ചക്രവര്‍ത്തിയാണ് മൊഴി നല്‍കിയിരിക്കുന്നത്.

നേരത്തെ ചന്ദന ചക്രവര്‍ത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പശ്ചിമബംഗാള്‍ മഹിളാ മോര്‍ച്ച നേതാവായ ജൂഹി അറസ്റ്റിലാകുന്നത്. തന്നെ കേസില്‍ ഇവര്‍ ബലിയാടാക്കുകയായിരുന്നെന്നും ഇവര്‍ കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായെന്നും ചന്ദന ചക്രവര്‍ത്തി പറഞ്ഞിരുന്നു. കേന്ദ്ര നേതാക്കളായ കൈലാഷ് വിജയവര്‍ഗിയയും രൂപാ ഗാംഗുലിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ജൂഹിയെന്നും ഇവരെ അറസ്റ്റ് ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും ചന്ദന അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

കേസന്വേഷിക്കുന്ന സി.ഐ.ഡി സംഘം ജൂഹിയെ ഇന്ന് ജഗല്‍പായ്പൂരിലെത്തിച്ച് തെളിവെടുക്കാനിരിക്കുകയാണ്. ബിമലാ ശിശു ഗ്രോ എന്ന ഒരു എന്‍.ജി.ഒ വഴി ഇന്ത്യക്കകത്തും പുറത്തേക്കുമായി 17 കുട്ടികളെ കടത്തി എന്നതാണ് ജഗല്‍പായ്പുരി കുട്ടിക്കടത്ത് കേസ്. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിക്കടുത്ത ബട്ടാസിയയില്‍ നിന്നായിരുന്നു മഹിളാ മോര്‍ച്ചാ നേതാവ് ജൂഹി ചൗധരി സി.ഐ.ഡികളുടെ പിടിയിലായത്.