ന്യൂദല്‍ഹി: ശശി തരൂര്‍ എം.പിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് നിഷാന്ത് ദുബേ. പാര്‍ലമെന്റില്‍ ശശി തരൂരിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് നിഷാന്ത് കത്തയച്ചു.
ബി.1.617 എന്ന കൊവിഡ് വകഭേദത്തെ ‘ഇന്ത്യന്‍ വകഭേദം’ എന്ന് വിശേഷിപ്പിച്ച് ശശിതരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ദുബേ കത്തയച്ചിരിക്കുന്നത്. ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തിന്റെ അങ്ങേയറ്റം എന്നാണ് ദുബേ വിശേഷിപ്പിച്ചത്.
ലോകാരോഗ്യ സംഘടന തന്നെ അത്തരം ഒരു വകഭേദമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ആ ഘട്ടത്തിലാണ് തരൂരിനെ പോലെയുള്ള ഒരാള്‍ അശാസ്ത്രീയമായ ഒരു കാര്യം പറഞ്ഞിരിക്കുന്നതെന്നും ദുബേ കത്തില്‍ പറയുന്നു.
ഇന്ത്യന്‍ വകഭേദമില്ലെന്ന് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ തന്നെ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന അത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ശാസ്ത്രലോകം അംഗീകരിച്ചിട്ടും ബി.ജെ.പി അംഗീകരിച്ചില്ലെന്ന് പ്രസ്താവന നടത്തിയ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥിനെതിരെ ദല്‍ഹി ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം കേസെടുക്കുകയും ചെയ്തിരുന്നു.
ബി.1.617 കൊവിഡ് വേരിയന്റിനെ ഇന്ത്യന്‍ വേരിയന്റ് എന്ന് ടാഗ് ചെയ്തുകൊണ്ടായിരുന്നു കമല്‍ നാഥിന്റെ പരാമര്‍ശം.
പരാമര്‍ശത്തിനെതിരെ ബി.ജെ.പി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദുരന്ത നിവാരണ നിയന്ത്രണ നിയമത്തിലെ 188ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ബി.ജെ.പിയുടെ കോണ്‍ഗ്രസ് ടൂള്‍ക്കിറ്റ് ആരോപണത്തിന്റെ ഭാഗമാണ് ശശി തരൂരിനെതിരായ പരാതിയും. പ്രധാനമന്ത്രിയെ കൊവിഡിന്റെ പേര് പറഞ്ഞ് അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ടൂള്‍ക്കിറ്റ് രൂപീകരിച്ചെന്നായിരുന്നു ബി.ജെ.പിയുടെ വാദം.
അതേസമയം കോണ്‍ഗ്രസിന്റെ ടൂള്‍ക്കിറ്റ് എന്ന് പറഞ്ഞ് ബി.ജെ.പി വക്താവ് സംപിത് പത്ര പെങ്കുവെച്ച ഡോക്യുമെന്റ് കൃത്രിമം ആണെന്ന് ട്വിറ്റര്‍ തന്നെ പറയുകയും ചെയ്തിരുന്നു.