Kerala News
പുന്നലയെയും സണ്ണി എം. കപിക്കാടിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 03, 11:45 am
Sunday, 3rd February 2019, 5:15 pm

തിരുവനന്തപുരം: കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനെയും ദളിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവ് പിടിയില്‍.

ബി.ജെ.പി നേതാവും തിരുവനന്തപുരം നേമം പട്ടികജാതി മോര്‍ച്ച കാര്യവാഹകുമായ മഹേഷ് കൈമനത്തിനെയാണ് പൊലീസ് പിടികൂടിയത്. ബി.ജെ.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ദീപുരാജിന്റെ സഹോദരപുത്രനാണ് അറസ്റ്റിലായ മഹേഷ്.

ദളിത് എംപവര്‍മെന്റ് മൂവ്‌മെന്റ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് ഫെബ്രു. 4-ന് നടത്തുന്ന “സംവരണം, നവോത്ഥാനം, ഭരണഘടന” എന്ന പരിപാടിയില്‍ പങ്കെടുത്താല്‍ വധിക്കുമെന്നായിരുന്നു ഭീഷണി.

വടിവാളിന് വെട്ടും, തിരുവനന്തപുരത്ത് കാലുകുത്താന്‍ അനുവദിക്കില്ല എന്നിങ്ങനെയായിരുന്നു ഭീഷണിപ്പെടുത്തല്‍. ദളിത് എംപവര്‍മെന്റ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷാജി ചെമ്പകശ്ശേരിയ്ക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരുന്നത്.

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടവരാണ് സണ്ണി എം. കപിക്കാടും പുന്നല ശ്രീകുമാറും. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച നവോത്ഥാന സമിതിയുടെ കണ്‍വീനറാണ് പുന്നല ശ്രീകുമാര്‍.