Kerala News
നാട്ടുകാര്‍ക്ക് മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കുടുംബസ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം; ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ ഭാര്യാസഹോദരിയും അമ്മയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 21, 12:36 pm
Saturday, 21st November 2020, 6:06 pm

പാലക്കാട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായിരുന്ന സി.കൃഷ്ണകുമാര്‍ കുടുംബസ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നരോപിച്ച് ഭാര്യസഹോദരിയും അമ്മയും രംഗത്ത്.

കൃഷ്ണകുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് ഭാര്യാ സഹോദരി സിനി സേതുമാധവനും അമ്മ സി.കെ വിജയകുമാരിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ഇതുവരെ മൂടിവച്ച കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാന്‍ നിര്‍ബന്ധിതമായത് പാര്‍ടിയും ഞങ്ങളെ കൈവിട്ടതുകൊണ്ടാണ്’, സിനി പറയുന്നു.

സ്വന്തം വീട്ടില്‍ അഴിമതിക്ക് തുടക്കമിട്ട കൃഷ്ണകുമാറിന്റെ മുഖം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാണിക്കാനാണ് നഗരസഭയിലെ 18-ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായതെന്ന് ഭാര്യമാതാവ് സി.കെ വിജയകുമാരി പറഞ്ഞു.

തന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ഇടപെട്ടതായും അവര്‍ പറഞ്ഞു.

എറണാകുളത്തെ തറവാട് വീട് വിറ്റ് പാലക്കാട് താമസമാക്കി കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം വീട് തട്ടിയെടുക്കാന്‍ കൃഷ്ണകുമാര്‍ ശ്രമിക്കുകയായിരുന്നു. വരുമാനം ഇല്ലാതാക്കാനും നിരന്തരം ഇടപെട്ടു.

എം.ബി.എ ബിരുദധാരിയായ തനിക്ക് ഒരു സ്ഥാപനവും ജോലിനല്‍കുന്നില്ലെന്നും എവിടെയെങ്കിലും ജോലിക്ക് കയറിയാല്‍ അടുത്ത ദിവസം ഒഴിവാക്കുന്നുവെന്നും സിനി പറയുന്നു.

‘അമ്മയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാര്‍ തട്ടിയെടുത്തു. അത് ചോദ്യംചെയ്ത തന്നെ ഭീഷണിപ്പെടുത്തി. അച്ഛന്‍ സേതുമാധവന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങി ഞങ്ങളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചു’, സിനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏഴ് വര്‍ഷമായി പീഡനം തുടരുകയാണ്. നാട്ടുകാര്‍ക്ക് മുന്നില്‍ വച്ച് കൃഷ്ണകുമാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നും സിനി കൂട്ടിച്ചേര്‍ത്തു.

ഇതുസംബന്ധിച്ച് പാലക്കാട് നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സിനി പറഞ്ഞു.

‘പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്ത്രീയെന്ന നിലയില്‍ കാണണമെന്ന് പറഞ്ഞത് വല്ലാതെ വിഷമിപ്പിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനോട് പറഞ്ഞിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ എന്തിന് പാര്‍ടിയിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നായിരുന്നു മറുപടി’, സിനി പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ മത്സരിച്ചിരുന്ന വാര്‍ഡില്‍ ഭാര്യ മിനി കൃഷ്ണകുമാറാണ് മത്സരിക്കുന്നത്. അതേസമയം കൃഷ്ണുകമാറിന്റെ അഴിമതിയും അക്രമവും തുറന്നുകാട്ടാന്‍ മിനി കൃഷ്ണകുമാര്‍ മത്സരിക്കുന്ന വാര്‍ഡില്‍ പ്രചാരണത്തിനിറങ്ങുമെന്ന് അമ്മ വിജയകുമാരി പറഞ്ഞു.

പാര്‍ടിയോടുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. സ്വന്തം കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് എങ്ങനെയാണ് നാടിനെ സംരക്ഷിക്കാന്‍ കഴിയുകയെന്നും വിജയകുമാരി ചോദിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Kerala Secratary Family Complaint C Krishnakumar