ന്യൂദല്‍ഹി: ഹരിയാനയില്‍ ബി.ജെ.പിയും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സും വിജയമുറപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ച് ഇരുപാര്‍ട്ടികളും. ജമ്മുകശ്മീരില്‍ ഒമര്‍ അബ്ദുല്ലയും ഹരിയാനയില്‍ നവാബ് സിങ് സെയ്‌നിയും മുഖ്യമന്ത്രിമാരാകും എന്നാണ് ഇരു പാര്‍ട്ടികളുടെയും പ്രഖ്യാപനം.
ഹരിയാനയില്‍ നവാബ് സെയ്‌നി മുഖ്യമന്ത്രിയാകുമെന്ന ബി.ജെ.പി നേതൃത്വത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയോടും ബി.ജെ.പി സര്‍ക്കാരിനോടുമുള്ള ജനങ്ങളുടെ അതൃപ്തി മനസിലാക്കിയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം വിജയിച്ചാല്‍ ഒമര്‍ അബ്ദുല്ലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയും പ്രഖ്യാപിച്ചിരുന്നു.
ഹരിയാനയില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചരണങ്ങളെയെല്ലാം മാറ്റിനിര്‍ത്തി കഴിഞ്ഞ വര്‍ഷങ്ങളിലേക്കാളേറെ ലീഡ് നിലനിര്‍ത്തി കൊണ്ടാണ് ഹരിയാനയില്‍ ബി.ജെ.പി മുന്നേറുന്നത്. അതേസമയം സഖ്യങ്ങളൊന്നും ഇല്ലാതെ തന്നെ ഹരിയാനയില്‍ വിജയിച്ചു കയറാന്‍ കഴിയുമെന്ന അമിതവിശ്വാസവും കോണ്‍ഗ്രസിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.