ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥയിലൂടെ സംഗീതസംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് ബിജിബാല്‍. 17 വര്‍ഷത്തെ കരിയറില്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകളും ഒരു ദേശീയ അവാര്‍ഡും ബിജിബാല്‍ സ്വന്തമാക്കി. കവര്‍ സോങ്ങുകളെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് ബിജിബാല്‍.
പല പുതിയ ഗായകരെ ഇത്തരം കവര്‍ സോങ്ങുകളിലൂടെ നമുക്ക് പരിചിതമാകുമെന്ന് ബിജിബാല്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ഗുണങ്ങള്‍ പോലെ ദോഷങ്ങളും കവര്‍ സോങ്ങുകള്‍ക്കുണ്ടെന്നും ബിജിബാല്‍ പറഞ്ഞു. പലപ്പോഴും പാട്ടുകളുടെ ആത്മാവിനെ ഇല്ലാതാക്കുന്ന രീതിയിലാണ് പലരും കവര്‍ സോങ്‌സ് ഉണ്ടാക്കാറുള്ളതെന്ന് ബിജിബാല്‍ പറഞ്ഞു. പലപ്പോഴും കവര്‍ സോങ്‌സാണ് ഒറിജിനലെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ടെന്നും ബിജിബാല്‍ പറഞ്ഞു.
ദശരഥം സിനിമയിലെ മന്ദാരച്ചെപ്പുണ്ടോ എന്ന പാട്ട് തൈക്കുടം ബ്രിഡ്ജിന്റെതാണെന്ന് കരുതുന്നവരാണ് കൂടുതലെന്നും ബിജിബാല്‍ കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ തലമുറയിലെ പലര്‍ക്കും എ.ആര്‍ റഹ്‌മാന് മുമ്പുള്ള സംഗീതസംവിധായകരെപ്പറ്റി അറിയില്ലെന്നും ബിജിബാല്‍ കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കവര്‍ സോങ്‌സ് എന്ന സംഗതി ഒരു തരത്തില്‍ നോക്കുമ്പോള്‍ നല്ലതുമാണ് അതുപോലെ മോശവുമാണ്. ഇതിന്റെ നല്ലതിനെപ്പറ്റി പറയുകയാണെങ്കില്‍ പല പുതിയ ഗായകരെയും നമുക്ക് കവര്‍ സോങ്‌സ് കാരണം കിട്ടാറുണ്ട്. ദോഷങ്ങള്‍ പറയാനാണെങ്കില്‍ അതാണ് കൂടുതല്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒറിജിനല്‍ പാട്ടിന്റെ ആത്മാവ് നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നതാണ്. ഒരു വെറൈറ്റിക്ക് വേണ്ടി ഒന്നോ രണ്ടോ നോട്ടുകള്‍ കൂട്ടുന്നത് വലിയ സംഭവമാണെന്ന് പലരും കരുതുന്നുണ്ടാകും.
പക്ഷേ ആ പാട്ടിന്റെ ഒറിജിനാലിറ്റിയെ വല്ലാതെ ബാധിക്കുന്ന കാര്യമാണ്. പിന്നെ ഇത്തരം കവര്‍ സോങ്ങുകളാണ് ഒറിജിനലെന്ന് ഇന്നത്തെ തലമുറയിലെ പലരും കരുതുന്നുണ്ട്. ദശരഥത്തിലെ മന്ദാരച്ചെപ്പുണ്ടോ എന്ന പാട്ട് തൈക്കുടം ബ്രിഡ്ജിന്റെയാണെന്ന് കരുതുന്ന ആളുകളുണ്ട്. സംഗീതസംവിധായകരെപ്പറ്റി അറിവില്ലാത്തതാണ് ഇതിനൊക്കെ കാരണം. എ.ആര്‍ റഹ്‌മാന് മുമ്പുള്ള സംഗീത സംവിധായകരെപ്പറ്റി ഇവര്‍ക്കൊന്നും യാതൊരു ധാരണയുമില്ല,’ ബിജിബാല്‍ പറഞ്ഞു.