ഇസ്‌ലാമോഫോബിയ പടര്‍ത്തുന്ന നിലപാട് സഭക്കില്ല; കാസയുമായി ഒരു ബന്ധവുമില്ല: ബിഷപ്പ് പാംപ്ലാനി
Kerala News
ഇസ്‌ലാമോഫോബിയ പടര്‍ത്തുന്ന നിലപാട് സഭക്കില്ല; കാസയുമായി ഒരു ബന്ധവുമില്ല: ബിഷപ്പ് പാംപ്ലാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th July 2023, 1:55 pm

കോഴിക്കോട്: ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക്ക സഭക്ക് യോജിപ്പില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കിയും പ്രണയക്കുരുക്കില്‍പ്പെടുത്തിയും വശത്താക്കുന്ന ചില സംഘങ്ങള്‍ ഉണ്ടാകാം, എന്നാലത് ഏതെങ്കിലും മതത്തിന്റെ ഭാഗമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്ര നിലപാട് സ്വീകരിക്കുന്ന കാസയുമായി കത്തോലിക്ക സഭക്ക് ബന്ധമില്ലെന്നും പാംപ്ലാനി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന് അനുചിതമല്ലാത്ത നിലപാടുകള്‍ സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജിഹാദ് എന്ന പദം ഒരു മതവിഭാഗത്തിന് വേദനാജനകമായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ മയക്കുമരുന്നിന്റെ വ്യാപനം ഇവിടെ ശക്തമാണ്. അത് ഉപയോഗിച്ച് പലരേയും വഴി തെറ്റിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിലൊരു മതവിഭാഗത്തിന്റെ പങ്കില്ലെന്നാണ് വിശ്വാസം.

കാസ ഇതുവരെ ഞങ്ങളുടെ പിന്തുണ ചോദിച്ച് വന്നിട്ടില്ല. ഔദ്യോഗിക സംഘടനയായി അവരെ എവിടെയും സഭ ഏറ്റുപറഞ്ഞിട്ടില്ല. അതില്‍ പുരോഹിതര്‍ ഉണ്ടാകാം, പക്ഷേ സഭ അതിനെ അംഗീകരിച്ചിട്ടില്ല.

ഇസ്‌ലാമോഫോബിയ പടര്‍ത്തുന്ന നിലപാട് സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. കാരണം, അത് ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന്  ഉചിതമല്ലെന്ന് തിരിച്ചറിയാനുള്ള വിവേകം ഞങ്ങള്‍ക്കുണ്ട്,’ ബിഷപ്പ് പാംപ്ലാനി പറഞ്ഞു.