'നിങ്ങള്‍ ഇന്ത്യയില്‍ നിന്നാണോ മ്യാന്‍മറില്‍ നിന്നാണോ'യെന്ന് ബിരേന്‍ സിങ്; വിവാദമായതോടെ ട്വീറ്റ് നീക്കി
national news
'നിങ്ങള്‍ ഇന്ത്യയില്‍ നിന്നാണോ മ്യാന്‍മറില്‍ നിന്നാണോ'യെന്ന് ബിരേന്‍ സിങ്; വിവാദമായതോടെ ട്വീറ്റ് നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd July 2023, 11:36 am

ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് കുക്കികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രി താന്‍ രാജി വെക്കുന്നില്ലെന്ന് പറഞ്ഞ് പങ്കുവെച്ച ട്വീറ്റില്‍ വന്ന കമന്റുകള്‍ക്കാണ് വംശീയപരാമര്‍ശമുള്ള മറുപടി അദ്ദേഹം നല്‍കിയത്. എന്നാല്‍ വിവാദമായതോടെ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.

താങ് കുക്കി എന്ന ട്വിറ്റര്‍ പേജില്‍ നിന്ന് ‘നിങ്ങള്‍ വളരെ കാലം മുന്നേ രാജി വെക്കേണ്ടതായിരുന്നു’, എന്ന് ഒരാള്‍ കമന്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി ‘നിങ്ങള്‍ ഇന്ത്യയില്‍ നിന്നാണോ മ്യാന്മറില്‍ നിന്നാണോ’ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ വിവാദമായതോടെ ട്വീറ്റ് നീക്കം ചെയ്തെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്.


മ്യാന്‍മറിലെ വലിയൊരു ഭൂരിപക്ഷം മെയ്തികള്‍ ഇവിടെയുണ്ടെന്നും എന്നാല്‍ ആരും അവരെ ബര്‍മീസ് എന്ന് വിളിക്കുന്നില്ലെന്നും മറ്റൊരു ട്വീറ്റ് അക്കൗണ്ടില്‍ നിന്ന് കമന്റ് വന്നു. എന്നാല്‍ മ്യാന്‍മറിലെ മെയതികള്‍ ഒരിക്കലും മ്യാന്‍മര്‍ തങ്ങളുടെ മാതൃരാജ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഇതിന് മറുപടിയായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് നല്‍കിയത്.

ബിരേന്‍ സിങ്ങിന്റെ പരാമര്‍ശങ്ങളില്‍ വിമര്‍ശനവുമായി മണിപ്പൂര്‍ പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ദേവബത്ര സിങ് രംഗത്തെത്തി.

‘അദ്ദേഹത്തിന്റെ പദവിയില്‍ നിന്ന് കൊണ്ട് പറയാന്‍ പാടില്ലാത്ത കമന്റുകളാണിത്. ഇത്തരം വംശീയവും വിവേചനപരവുമായ പരാമര്‍ശങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ഇത് ഇല്ലാതാക്കാനുള്ള ഉത്തരവാദിത്തം ബി.ജെ.പിക്കാണ്. അവരുടെ ഭരണകര്‍ത്താക്കളുടെ സ്വഭാവം ബി.ജെ.പി നിയന്ത്രിക്കേണ്ടതാണ്,’ അദ്ദേഹം പറഞ്ഞു.

അതേസമയം പോസ്റ്റുകളെ കുറിച്ച് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ ട്വീറ്റ് ബിരേന്‍ സിങ്ങോ അദ്ദേഹത്തിന്റെ ടീമംഗങ്ങളോ ചെയ്തതല്ലെന്ന് അദ്ദേഹത്തിന്റെ സമൂഹ മാധ്യമ ടീമിലെ അഗം പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കുക്കികള്‍ മ്യാന്‍മറില്‍ നിന്ന് വന്നവരായാണ് മെയതി സമുദായം പറയുന്നത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ ഒരു കാരണവും ഇതാണ്. ബിരേന്‍ സര്‍ക്കാര്‍ മെയ്തികളുടെ പക്ഷം ചേരുകയാണെന്ന് കുക്കികള്‍ ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരം പരാമര്‍ശം വന്നിരിക്കുന്നത്.

ഇതുവരെ 117 ഓളം പേരെങ്കിലും മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 300ലധികം പേര്‍ക്ക് പരിക്കേറ്റു. 50000 പേര്‍ക്ക് പാലായനം ചെയ്യേണ്ടി വന്നു.

CONTENT HIGHLIGHTS: Biren Singh: ‘Are you from India or Myanmar’; After the controversy, the tweet was removed